രാജസ്ഥാനിലെ ഭില്‍വാരയില്‍ വിവാഹിതയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതി വ്യാജമെന്ന് പൊലീസ്. പ്രതികള്‍ യുവതിയെ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് യുവതി പോയതെന്നും പൊലീസ് പറഞ്ഞു. പിന്നീട് പ്രതികളും യുവതിയും തമ്മില്‍ തര്‍ക്കമുണ്ടായതോടെയാണ് വസ്ത്രം വലിച്ചുകീറി യുവതി ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.
ഭില്‍വാര ഗംഗാപുരില്‍ താമസിക്കുന്ന 25കാരിയാണ് രണ്ടുപേര്‍ ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതി നല്‍കിയത്. ശനിയാഴ്ച രാത്രി നടക്കാനിറങ്ങിയപ്പോള്‍ ബൈക്കിലെത്തിയ പ്രതികള്‍ തട്ടിക്കൊണ്ടുപോയെന്നും ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നുമായിരുന്നു ആരോപണം ഉന്നയിച്ചു. പ്രതികള്‍ വസ്ത്രങ്ങള്‍ വലിച്ചുകീറിയതിനാല്‍ നഗ്നയായനിലയിലാണ് ഇവിടെനിന്ന് രക്ഷപ്പെട്ടതെന്നും തെരുവില്‍ നാലുമണിക്കൂറോളം വിവസ്ത്രയായനിലയില്‍ കഴിയേണ്ടിവന്നെന്നും യുവതി പറഞ്ഞു. സഹായം അഭ്യര്‍ഥിച്ചപ്പോള്‍ മാനസികരോഗിയാണെന്ന് കരുതി പലരും സഹായിച്ചില്ലെന്നും ഒടുവില്‍ പ്രദേശവാസികളായ ചിലരാണ് വസ്ത്രങ്ങള്‍ നല്‍കിയതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.
യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ്, രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍, പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സംഭവം വ്യാജപരാതിയാണെന്ന് പൊലീസ് വെളിപ്പെടുത്തിയത്. ശനിയാഴ്ച രാത്രി യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് വീട്ടില്‍നിന്ന് പോയത്. പ്രതികള്‍ ആവശ്യപ്പെട്ടതനുസരിച്ച് അംലി റോഡിലെ ആളൊഴിഞ്ഞ വീട്ടിലെത്തിയ യുവതി ഇവിടെവെച്ച് പ്രതികളുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടു. രാത്രി മുഴുവന്‍ ഇവിടെ തങ്ങണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഇതിന് വിസമ്മതിച്ചതോടെ പ്രതികളും പരാതിക്കാരിയും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെ സ്വയം വസ്ത്രങ്ങള്‍ വലിച്ചുകീറിയ യുവതി, നഗ്നയായനിലയില്‍ വീട്ടില്‍നിന്ന് പുറത്തേക്ക് പോവുകയും ബലാത്സംഗത്തിനിരയായെന്ന് പറഞ്ഞ് ആളുകളോട് സഹായം തേടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതികളുമായുള്ള ഫോണ്‍വിളി വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ശനിയാഴ്ച വൈകിട്ട് യുവതിയുമായി സംസാരിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
English Summary:Gang-rape complaint false; The police found that the woman left voluntarily
You may also like this video