ദുർഗാപൂരിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേര്‍ അറസ്റ്റിൽ. പ്രതികൾക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ രണ്ട് പ്രതികൾ കൂടിയുണ്ട്. അവർക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. വെള്ളിയാഴ്ച രാത്രിയിലായിരുന്നു ദുർഗാപൂരിലെ ഐക്യു സിറ്റി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി ബലാത്സംഗത്തിനിരയായത്. സുഹൃത്തിനൊപ്പം പുറത്തുപോയി തിരിച്ചെത്തിയ വിദ്യാർത്ഥിനിയെ കോളേജ് ഗേറ്റിന് സമീപത്തു വച്ച് തടഞ്ഞു നിർത്തുകയും കോളേജിന് സമീപത്തെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നുമാണ് പൊലീസ് പറയുന്നത്.
സംഭവം നടക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടിപ്പോയെന്നും സംഭവത്തിൽ അയാൾക്കും പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു. പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് പുറത്തേക്ക് കൊണ്ടുപോയതെന്നും അക്രമികൾ മകളുടെ മൊബൈൽ ഫോണും കയ്യിലുണ്ടായിരുന്ന 5,000 രൂപയും തട്ടിയെടുത്തെന്നും പെൺകുട്ടിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചിയും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. സർക്കാരുമായി ബന്ധപ്പെടാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും മുതിർന്ന ഉദ്യോഗസ്ഥർക്ക നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

