ആന്ധ്രാപ്രദേശിൽ ക്രൂരമായ കൂട്ടബലാത്സംഗക്കേസിൽ 13 പൊലീസുകാരെ വെറുതെവിട്ടതിനെതിരെ ഇരകളായ ആദിവാസി സ്ത്രീകൾ. 2007ല്‍ വാകപ്പള്ളി ഗ്രാമത്തിൽ 11 ആദിവാസി സ്ത്രീകളെ ബലാത്സംഗം ചെയ്‌ത കേസിലാണ് പൊലീസുകാരെ കോടതി വെറുതെവിട്ടത്. വിധി തങ്ങളുടെ മുഖത്തേറ്റ അടിയാണെന്നാണ് ഇരകള്‍ പ്രതികരിച്ചത്. വിധി വന്ന് രണ്ടു ദിവസത്തിന് ശേഷമാണ് പ്രതികരണവുമായി സ്ത്രീകൾ രംഗത്തെത്തിയത്. അധികാരമുള്ളവരെ സംരക്ഷിക്കുന്ന പൊലീസ് സംവിധാനത്തിൽ അവർ നിരാശ പ്രകടിപ്പിച്ചു.
‘ഒരു പൊലീസുകാരൻ ഒരിക്കലും മറ്റൊരു പൊലീസുകാരന്റെ കുറ്റകൃത്യം അന്വേഷിക്കില്ല. നീതി ഞങ്ങളെ കൈവിട്ടു. നഷ്ടപരിഹാരം നൽകാനുള്ള കോടതിയുടെ ഉത്തരവ് മാത്രമാണ് ഏക ആശ്വാസം. ഞങ്ങൾ ഇരകളാണെന്ന് കോടതിയെങ്കിലും വിശ്വസിച്ചു’ 45കാരി ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജിയുടെ പ്രത്യേക കോടതിയാണ് വ്യാഴാഴ്ച പ്രതികളെ വെറുതെവിട്ടത്. ജോലിയിൽ ഉദാസീനത കാണിച്ചതിന് അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിമർശിക്കുകയും ഇയാൾക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കുകയും ചെയ്തു.
2007 ഓഗസ്റ്റ് 20ന്, മാവോയിസ്റ്റ് വിരുദ്ധ സ്പെഷ്യൽ ബ്രാഞ്ച് പൊലീസിന്റെ 30 അംഗ സംഘം ഗ്രാമത്തിൽ ഒരു മിന്നൽ ഓപ്പറേഷൻ നടത്തിയിരുന്നു. ഇതിൽ 13 പൊലീസുകാർ തോക്ക് ചൂണ്ടി തങ്ങളെ കൂട്ടബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തെന്നായിരുന്നു ആദിവാസി സ്ത്രീകളുടെ പരാതി. ഇരകളിൽ രണ്ടു പേർ നേരത്തെ മരിച്ചു.
English Summary: Gang rape: Victims protest over acquittal of policemen
You may also like this video