Site iconSite icon Janayugom Online

താമരക്കുളത്തെ ഗുണ്ടാ ആക്രമണം; കാപ്പ 
പ്രതിയടക്കം മൂന്നുപേർ അറസ്റ്റിൽ

താമരക്കുളത്ത് ആക്രമണം നടത്തിയ സംഭവത്തില്‍ കാപ്പ പ്രതികളടക്കം മൂന്ന് പേർ അറസ്റ്റിൽ. കായംകുളം ചേരാവള്ളി മുല്ലശ്ശേരി വീട്ടിൽ മാങ്ങാണ്ടി ഷമീർ എന്ന് വിളിക്കുന്ന ഷമീർ (39), കറ്റാനം ഭരണിക്കാവ് തെക്ക് കുഴി കാല വീട്ടിൽ വിവേക് (23), കായംകുളം ചേരാവള്ളി ഊട്ടുതറ തുണ്ടിൽവീട്ടിൽ അസ്ലാം (21) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 30 ന് താമരക്കുളം ജംഗ്ഷന് സമീപമായിരുന്നു സംഭവം. താമരക്കുളം ജംഗ്ഷനില്‍ പ്രതികള്‍ എത്തിയ കാര്‍ ബ്രേക്ഡൗണ്‍ ആയതിനെ തുടര്‍ന്ന് തള്ളികൊണ്ടുപോകുമ്പോള്‍ റോഡരുകില്‍ വെച്ചിരുന്ന ഷാജഹാന്‍ എന്നയാളുടെ സ്കൂട്ടറില്‍ ഇടിച്ചു. ഇത് ചോദ്യം ചെയ്ത ഷാജഹാനെ മദ്യലഹരിയിലായിരുന്ന മൂന്നുപേരും ചേര്‍ന്ന് കമ്പിവടി, കത്തി എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഷാജഹാനെ രക്ഷിക്കാനെത്തിയ ഹാരിസ് ഖാന്‍ എന്നയാളേയും പ്രതികള്‍ അക്രമിച്ചു.

സംഭവത്തെ തുടർന്ന് കാർ ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപ്പെടുകയും ഒളിവില്‍ പോകുകയുമായിരുന്നു. ഒന്നാം പ്രതിയാ ഷമീറിനെ പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് ഒരു ലോഡ്ജിൽ നിന്നും, വിവേകിനെ ഒളിവിൽ താമസിച്ചിരുന്ന ചേരാവള്ളിയിലുള്ള ബന്ധു വീട്ടിൽ നിന്നും, അസ്ലാമിനെ വള്ളികുന്നം മങ്ങാരത്തുള്ള ബന്ധുവീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ഷമീറിനെ കാപ്പാ നിയമം പ്രകാരം ആലപ്പുഴ ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നു. കുറത്തികാട് പോലീസ് സ്റ്റേഷനിലെ നിരവധി അടിപിടി കേസുകളിൽ പ്രതിയായ വിവേക് കാപ്പാ നിയമ പ്രകാരം ആറുമാസം വിയ്യൂർ സെൻട്രൽ ജയിലിലായിരുന്നു. മൂന്നാം പ്രതിയായ അസ്ലം കായംകുളം പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയാണ്. ലഹരി മരുന്നുകൾക്ക് അടിമകളായ ഇവർ താമരക്കുളം പ്രദേശത്തും ചാരുംമൂട് പ്രദേശത്തും കഞ്ചാവ്, എം ഡി എം എ തുടങ്ങിയ ലഹരി വസ്തുക്കൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ കച്ചവടം നടത്തി വരികയായിരുന്നു. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ട് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സി ഐ, പി ശ്രീജിത്ത്, എസ് ഐ നിധീഷ്, എസ് ഐ സുഭാഷ് ബാബു, സി പി ഒമാരായ സിനു, പ്രവീൺ, ബിജു, വിഷ്ണു, കലേഷ്, രാധാകൃഷ്ണൻ ആചാരി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Eng­lish Sum­ma­ry: Gang­ster attack on Tama­raku­lam; Three per­sons includ­ing Kap­pa accused were arrested

Exit mobile version