Site icon Janayugom Online

വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം വഴിയോരത്ത് കുന്നുകൂടിക്കിടക്കരുത്

വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം വഴിയോരത്ത് കുന്നുകൂടിക്കിടക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. വീടുകള്‍, സ്ഥാപനങ്ങള്‍, ഓഫിസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന പാഴ്‌വസ്തുക്കള്‍ പൊതുവിടങ്ങളില്‍ ദീര്‍ഘകാലം സംഭരിച്ച് വയ്ക്കുന്നത് പലയിടത്തും പ്രശ്നങ്ങള്‍ക്കിടയാക്കുന്നുണ്ട്. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന മാലിന്യം യഥാസമയം കയ്യൊഴിയാന്‍ സാധിക്കാത്ത സാഹചര്യമാണ് പലയിടത്തുമുള്ളത്. ഇതിന്റെ ഫലമായി, മാലിന്യം സൂക്ഷിക്കാന്‍ ഓരോ കേന്ദ്രങ്ങളിലും സ്ഥാപിച്ചിട്ടുള്ള മിനി എംസിഎഫുകള്‍ നിറഞ്ഞുകവിയുന്നതും പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടാകുന്നു. ഈ പ്രശ്നങ്ങളെല്ലാം ഒഴിവാക്കുന്നതിനായാണ്, തദ്ദേശ സ്വയംഭരണ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു.

വാതില്‍പ്പടി ശേഖരണവും പാഴ്‌വസ്തുക്കളുടെ നീക്കം യഥാസമയം ഉറപ്പുവരുത്തുന്നതും സംബന്ധിച്ച് വിവിധ നിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്. വാതില്‍പ്പടി ശേഖരണം നടത്തുന്നതിനായി വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകര്‍മ്മ സേന സന്ദര്‍ശിക്കുന്ന ദിവസവും സമയവും മുന്‍കൂട്ടി അറിയിക്കണം. ഇതിനായി തദ്ദേശ സ്ഥാപനം കലണ്ടര്‍ തയ്യാറാക്കി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കണം. ഏതെങ്കിലും കാരണത്താല്‍, വാതില്‍പ്പടി ശേഖരണ ദിവസത്തില്‍ മാറ്റം സംഭവിച്ചാല്‍ ആ വിവരം മുന്‍കൂട്ടി അറിയിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കി. ശേഖരിക്കുന്ന പാഴ്‌വസ്തുക്കള്‍ പൊതുനിരത്തിലും പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും സംഭരിക്കാന്‍ പാടില്ലെന്നും എംസിഎഫ്, മിനി എംസിഎഫുകളിലേക്ക് അതത് ദിവസം തന്നെ മാറ്റണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇക്കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചാല്‍ ചുമതലക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കി.

Eng­lish Summary:Garbage col­lect­ed from hous­es should not be piled up on the roadside

You may also like this video

Exit mobile version