Site iconSite icon Janayugom Online

ജീപ്പെഴുന്നള്ളത്തും ഗരുഡൻ തൂക്കവും

കേട്ടുകേട്ടു മനസിൽ തങ്ങിയതാണ്. എനിക്കു മാസങ്ങൾ മാത്രം പ്രായമുള്ള കാലം. കൊല്ലത്തെ മുളങ്കാടകം ക്ഷേത്രത്തിൽ ഗരുഡൻ തൂക്കമുണ്ട്. അംഗസംഖ്യ കൂടുതലുള്ള ഒരു കുടുംബത്തിൽ വൈകിപ്പിറന്ന കുഞ്ഞാകയാൽ ഗരുഡനെക്കൊണ്ട് പറത്തിക്കാൻ തീരുമാനിക്കുന്നു. ഗരുഡൻ ചാടിൽ വലംചുറ്റിവന്നു തലയ്ക്കുമുകളിൽ നിന്നപ്പോൾ അച്ഛൻ കുഞ്ഞിനെ പൊക്കിയെടുത്ത് ഗരുഡനെ ഏല്പിക്കുന്നു. ഗരുഡൻ കൈക്കുഞ്ഞുമായി മുകളിലേക്കു പൊന്തുന്നു. കുഞ്ഞ് പേടിച്ച് നിലവിളിക്കുന്നു. പ്രാണരക്ഷാർത്ഥം ഗരുഡഭഗവാന്റെ കൊക്കിൽ കയറിപ്പിടിക്കുന്നു. തലയിൽ വട്ടംചുറ്റി കെട്ടിവച്ചിരുന്ന കൊക്ക് അടർന്ന് കുഞ്ഞിന്റെ കയ്യിലിരിക്കുന്നു. അടുത്ത നിലവിളിയിൽ ദേവപ്പക്ഷിയുടെ കൊക്ക് മണ്ണിൽ വീഴുന്നു. വളർന്നപ്പോൾ, പത്താമുദയത്തിന് ഗരുഡൻ കെട്ടുന്ന സ്ഥലത്ത് അതിന്റെ ചമയം കാണാനും താളവും കയ്യിലെ ചെറിയ വാളും തടയും ചുഴറ്റുന്ന രീതിയുമൊക്കെ മനസിലാക്കാനുമായി പോയിട്ടുണ്ട്.

കേരളശബ്ദം ലേഖകനായിരുന്ന ഡേവിഡ് കൊല്ലകയും ഇക്കാര്യങ്ങൾ കാണാൻ താല്പര്യത്തോടെ കൂടുമായിരുന്നു. എനിക്ക് പരിചയമുള്ള അയ്യാക്കുട്ടിയെന്ന തൊഴിലാളിയായിരുന്നു ദീർഘകാലം ഗരുഡനായിരുന്നത്. മിശ്രവിവാഹിതൻ ആയിരുന്നതിനാൽ എനിക്ക് ആ അനുഷ്ഠാന കലാകാരനോട് പ്രത്യേകിച്ച് ഒരു ബഹുമാനവും അദ്ദേഹത്തിന് എന്നോട് വാത്സല്യവും ഉണ്ടായിരുന്നതുകൊണ്ട് ചമയപ്പുരയിൽ കയറാൻ ബുദ്ധിമുട്ടില്ലായിരുന്നു. ഗരുഡവേഷം കെട്ടിയ ആളിനെ ഒരു കൂറ്റൻ ചാടിലെ തൂക്കവില്ലിൽ കൊരുത്തിടുന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അമ്പലത്തിന് വലംവയ്ക്കുന്നു. മഹാവിഷ്ണുവിന്റെ വാഹനമായ മഹാവിഹഗം ആണെങ്കിലും വേഷംകെട്ടുന്ന പാവം മനുഷ്യനെ തൂക്കവില്ലിൽ ഉയർത്തുകയും താഴ്ത്തുകയുമൊക്കെ ചെയ്യുന്നത് പിന്നിലെ ചാട് നിയന്ത്രിക്കുന്നവരാണ്. വടം കെട്ടി ചാട് വലിച്ചാണ് ഗരുഡന്റെ പറക്കൽ ഉറപ്പിക്കുന്നത്. പലപ്പോഴും ശരീരത്തിൽ കൊളുത്തുറപ്പിച്ചും കെട്ടിത്തൂക്കിയും മനുഷ്യനെ ഈ വേഷം കെട്ടിക്കുകയും പിഞ്ചുകുഞ്ഞുങ്ങളെ നേർച്ചയുടെ പേരിൽ വിഷമിപ്പിക്കുകയും ചെയ്യുന്നതിനെതിരെ തൂക്കമുള്ള ക്ഷേത്രങ്ങളിൽ സന്യാസിമാർ പോലും സമരത്തിന് പോയിട്ടുണ്ട്. എളവൂർ തൂക്കം നിരോധിച്ചത് ഒരു ഉദാഹരണമാണ്.


ഇതുകൂടി വായിക്കൂ:ഇനി രാമന്‍ മോഡിയെ ഭയക്കണം 


കവിളിലൂടെ ശൂലം തറയ്ക്കൽ, വയറ്റിൽ ചൂരൽ കുത്തിയിറക്കൽ, തെയ്യങ്ങളുടെ തീയിൽ ചാട്ടവും തെങ്ങുകയറ്റവും മൃഗവേട്ടയും തുടങ്ങി പല അപകടകരമായ അനുഷ്ഠാനങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. ഏറ്റവുമൊടുവിൽ ഏഴംകുളം തൂക്കത്തിൽ ഗരുഡന്റെ കയ്യിൽ നിന്നുമൊരു പിഞ്ചുകുഞ്ഞ് താഴേക്കു തെറിച്ചുവീണ് കയ്യൊടിഞ്ഞതാണ് ഞെട്ടിപ്പിച്ച സംഭവം. ബാലാവകാശ കമ്മിഷൻ ഈ വിഷയത്തിൽ നടപടി സ്വീകരിച്ചിരിക്കയാണ്. മനുഷ്യാവകാശ കമ്മിഷൻ ഏറ്റവും ശ്രദ്ധേയമായത് ഡോ. എസ് ബലരാമൻ അംഗമായപ്പോഴാണ്. ആ രീതിയിൽ നമ്മുടെ ബാലാവകാശ കമ്മിഷനും കുറെക്കൂടി സജീവമാകേണ്ടതുണ്ട്. ആറ്റുകാൽ പൊങ്കാല ദിവസം തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ നടത്തിയ ജീപ്പ് രഥയാത്ര ഗംഭീര ഹാസ്യനാടകമായിരുന്നു. ആർത്തവമുള്ള സ്ത്രീകൾ തൊട്ടാൽ ചെടി കരിയുമെന്ന സിദ്ധാന്തം അവതരിപ്പിക്കുകയും അധികം വൈകാതെ ഭാരതസർക്കാർ പത്മപുരസ്കാരം നല്‍കി ആദരിക്കുകയും ചെയ്ത മുൻതമ്പുരാട്ടിയും ഈ ജീപ്പെഴുന്നള്ളത്തിൽ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷമാണ് ഈ പുതിയ ആചാരം ഉണ്ടായത്. ഇത്തവണ മുത്തുക്കുടയൊക്കെ വച്ചുകെട്ടി കുറച്ചുകൂടി രാജകീയമാക്കിയിരുന്നു. ചെങ്കോലും കിരീടവും ആരാധ്യമെന്ന് കരുതുന്ന ഒരു കേന്ദ്ര ഭരണകൂടമാണ് ഭാരതത്തിലുള്ളത്. അതിനാൽ ഈ എഴുന്നള്ളത്ത് വരുംവർഷങ്ങളിലും ആവർത്തിച്ചേക്കും.

Exit mobile version