Site iconSite icon Janayugom Online

എല്‍പിജി വിലക്കുറവ്; ലക്ഷ്യം വോട്ട് തട്ടല്‍

തുടര്‍ച്ചയായ വിലവര്‍ധനയ്ക്ക് കമ്പനികള്‍ക്ക് കൂട്ടുനിന്ന കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പാചക വാതക വില കുറച്ചതിനു പിന്നിൽ, അഞ്ച് സംസ്ഥാനങ്ങളിൽ ഡിസംബറിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ട് മോഹം. ഈ തെരഞ്ഞെടുപ്പുകള്‍ അടുത്ത വർഷം നടക്കേണ്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രക്ഷാബന്ധൻ-ഓണം സമ്മാനമെന്ന് പുകഴ്ത്തിയാണ്, ഗാർഹികാവശ്യത്തിനുള്ള പാചക വാതകത്തിന് 200 രൂപയും പിഎം ഉജ്വൽ യോജന പദ്ധതിയിൽ 200 രൂപയും വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന പാചക വാതക സബ്സിഡി വെട്ടിക്കുറയ്ക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്തതു വഴി കേന്ദ്രം തട്ടിയത് 30,000 കോടി രൂപയാണ്. രാജ്യത്ത് കോവിഡ് പിടിമുറുക്കുകയും പാചകവാതക വില കുതിക്കുകയും ചെയ്ത 2022 ജൂണിലാണ്, ജനങ്ങളെ ദുരിതത്തിന്റെ നടുക്കലിലാക്കി സബ്സിഡി നിർത്തലാക്കിയത്.

2018–19 ൽ സബ്സിഡിക്കായി 37,209 കോടി രൂപയായിരുന്നു മാറ്റിവച്ചത്. ’20–21 ആയപ്പോൾ അത് 11,896 കോടിയായി കുറച്ചു. 22–23 സാമ്പത്തിക വർഷമായപ്പോൾ പിന്നെയും കുറച്ച് 6955 കോടിയാക്കി. നാല് വർഷത്തിനിടെ 30,000 കോടി കീശയിലുമായി. ഈ വർഷം ത്രിപുര, മേഘാലയ, നാഗാലാന്റ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ പൂർത്തിയായതിനു പിന്നാലെ, 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന്റെ വിലയിൽ 50 രൂപയും വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയിൽ 350.50 രൂപയും വർധിപ്പിച്ചു. കൂട്ടിയ വില മാർച്ച് ഒന്നിന് പ്രാബല്യത്തിൽ വരികയും ചെയ്തു.

കഴിഞ്ഞ വർഷം മാർച്ചിൽ യുപി തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ പാചക വാതകത്തിന്റെയും വാഹന ഇന്ധനങ്ങളുടെയും വില കൂട്ടി. തെരഞ്ഞെടുപ്പുകൾ കഴിയുമ്പോൾ പാചക വാതകവും വാഹന ഇന്ധനവും അടക്കമുള്ളവയുടെ വില വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിന്റെ പതിവ് ചതിയുടെ ഒരു സാക്ഷ്യമാണിത്. ഇതിനൊക്കെപ്പുറമെ, ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി എൽപിജി കണക്ഷൻ നൽകുമെന്ന പ്രഖ്യാപനം വിഴുങ്ങുകയും ചെയ്തു. നരേന്ദ്ര മോഡി കേന്ദ്രത്തിൽ അധികാരമേൽക്കുന്ന 2014ൽ ഗാർഹികാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില 410 രൂപയായിരുന്നു.

ഡിസംബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ മധ്യപ്രദേശിൽ മാത്രമാണ് ബിജെപി സർക്കാരുള്ളത്. ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസും തെലങ്കാനയിൽ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്)യും മിസോറാമിൽ മിസോറാം നാഷണൽ ഫ്രണ്ടും (എംഎൻഎഫ്) ആണ് ഭരണത്തിലുള്ളത്. മധ്യപ്രദേശിൽ ദുസഹമായ വിലക്കയറ്റത്തിന്റെയും അഴിമതിയാരോപണങ്ങളുടെയും രൂക്ഷമായ വിഭാഗീയതയുടെയും നിലയില്ലാക്കയത്തിലാണ് ബിജെപി സർക്കാർ. നേതാക്കളാണെങ്കിൽ കോൺഗ്രസിലേക്ക് മറുകണ്ടം ചാടാൻ ഇത് അവസരമാക്കിയിരിക്കുന്നു. ഡിസംബറിന് മുമ്പായി ഒരു മന്ത്രിസഭാ വികസനം കൂടി നടത്തി ചുവടുറപ്പിക്കാനുള്ള തത്രപ്പാടിലാണ് ബിജെപി. നാലിടത്ത് ഭാഗ്യപരീക്ഷണത്തിലും. ഈ സാഹചര്യം കണ്ടറിഞ്ഞാണ് പാചക വാതക വിലക്കുറവ് പ്രഖ്യാപനം.

Eng­lish Sum­ma­ry: Gas Cylin­der Price Cut
You may also like this video

Exit mobile version