തായ്‌വാനിലെ ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിൽ ഗ്യാസ് പൊട്ടിത്തെറിച്ച് അഞ്ച് മരണം. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതെന്ന് അഗ്നിശമന സേന അധികൃതർ അറിയിച്ചു . തായ്ചുങ് നഗരത്തിലെ ഷിൻ കോങ് മിത്സുകോഷി ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിന്റെ 12-ാം നിലയിലെ ഫുഡ്കോർട്ടിലാണ്
സ്‌ഫോടനമുണ്ടായത്. കെട്ടിടത്തിൽ നിന്നും സമീപ പ്രദേശത്ത് നിന്നും ഏകദേശം 235 പേരെ ഒഴിപ്പിച്ചു. അഗ്നിശമന സേന ആദ്യം രക്ഷാപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അപകടത്തിന് മറ്റ് ഉറവിടങ്ങളുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്നും തായ്ചുങ് മേയർ ലു ഷിയോ-യെൻ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 130ലധികം അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തുണ്ടെന്നും ദേശീയ അഗ്നിശമന സേന അറിയിച്ചു.
തായ്‌വാനിൽ ഇതിനുമുമ്പും വിനാശകരമായ വാതക സ്ഫോടനങ്ങൾ ഉണ്ടായിട്ടുണ്ട്. 2014ൽ തെക്കൻ നഗരമായ കാവോസിയുങ്ങിൽ ഭൂഗർഭ വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനങ്ങളിൽ ഇരുപതിലതികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

