ഗെയ്സറിലെ ഗ്യാസ് ചോര്‍ന്ന് ദമ്പതികള്‍ ശ്വാസം മുട്ടി മരിച്ചു. രാജസ്ഥാന്‍ ഭില്‍വാര ജില്ലയിലാണ് സംഭവം.ഷഹ്പുര നിവാസികളായ ശിവനാരായണന്‍ ജാന്‍വാര്‍ (37), ഭാര്യ കവിതാ ജാന്‍വര്‍ (35) എന്നിവരാണ് മരിച്ചത്. അബോധാവസ്ഥയിലായ ഇവരുടെ അഞ്ചുവയസുള്ള മകന്‍ വിഹാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹോളി കഴിഞ്ഞ് എട്ടാമത്തെ ദിവസത്തെ ആഘോഷമായ ശീതള അഷ്ടമി ആഘോഷിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഏറെ നേരം കഴിഞ്ഞിട്ടും ബാത്ത്റൂമില്‍ നിന്ന് മൂവരും പുറത്തുവരാതിരുന്നതോടെ ബന്ധുക്കള്‍ക്ക് സംശയം തോന്നിയത്.
തുടര്‍ന്ന് വാതിലില്‍ മുട്ടി വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. പിന്നീട് വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോള്‍ മൂവരും അബോധാവസ്ഥയില്‍ നിലത്ത് കിടക്കുന്നത് കണ്ടത്. മൂന്ന് പേരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ദമ്പതികളെ രക്ഷിക്കാനായില്ല. അപകടം നടന്ന സമയത്ത് ഗീസര്‍ ഓണ്‍ ആയിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ജിതേന്ദ്ര സിംഗ് പറഞ്ഞു. അടുത്തിടെ മുംബൈയില്‍ വീട്ടിലെ ശുചിമുറിയിലെ ഹീറ്ററില്‍ നിന്നുളള വിഷവാതകം ശ്വസിച്ച് ദമ്പതികള്‍ മരിച്ചിരുന്നു.
ഘട്‌കോപ്പറിലെ കുക്രേജ ടവേഴ്‌സിലെ ദീപക് ഷാ, ടീന ഷാ എന്നിവരാണ് മരിച്ചത്.ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലും സമാനമായ സംഭവം ഉണ്ടായി. ഹോളി ആഘോഷത്തിനു ശേഷം കുളിമുറിയില്‍ കയറിയ ദമ്പതികളാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. ദീപക് ഗോയല്‍(40) ഭാര്യ ശില്‍പി(36) എന്നിവരാണ് മരിച്ചത്. വെള്ളം ചൂടാക്കാനായി ഉപയോഗിച്ച ഗെയ്സര്‍ ഗ്യാസ് ഓഫ് ചെയ്യാന്‍ മറന്നതാകാം അപകട കാരണമെന്നാണ് വിവരം. ശുചിമുറിയില്‍ ശരിയായ വെന്റിലേഷനും ഉണ്ടായിരുന്നില്ല.
English Summary;Gas leak in geyser ends tragically for couple; Five-year-old son in hospital
You may also like this video