കർണാടകയിലെ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു. കൊപ്പൽ ജില്ലയിലുള്ള തുംഗഭദ്ര ഡാമിന്റെ 19-ാമത് ഗേറ്റാണ് പൊട്ടി വീണത്. ഡാമിൽ നിന്ന് വൻ തോതിൽ വെള്ളം ഒഴുകുകയാണ്. രാത്രി 12 മണിയോടെ ആണ് ഗേറ്റ് പൊട്ടി വീണത്. 35,000 ക്യുസക്സ് വെള്ളം ഒഴുകിപ്പോയി. ഭീഷണി ഒഴിവാക്കാനായി ഡാമിന്റെ 33 ഗേറ്റുകളും തുറന്നു വെള്ളം പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
മുല്ലപെരിയാർ കഴിഞ്ഞാൽ സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ ഡാമാണ് ഇത്. 60 ടിഎംസി വെള്ളം ഒഴുക്കി കളഞ്ഞതിന് ശേഷം താല്കാലികമായി ഗേറ്റ് ശരായാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിച്ചൂർ ജില്ലകളിൽ അതീവ ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. കർണാടക, ആന്ധ്രാ തെലങ്കാന സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങൾ ആശ്രയിക്കുന്ന പ്രധാന ജല സംഭരണിയാണ് ഇത്. ഗേറ്റുകൾ എല്ലാം തുറന്നെങ്കിലും വെള്ളപൊക്കമോ നാശനഷ്ടങ്ങളോ ഉണ്ടാകാനുള്ള സാഹചര്യം ഇല്ലെന്ന് അധികൃതർ പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ട് പോലെ സുർക്കി മിശ്രിതം ഉപയോഗിച്ചായിരുന്നു ഡാമിന്റെ ആദ്യനിർമ്മാണം. പിന്നീട് സിമന്റ് ഉപയോഗിച്ച് ബലപ്പെടുത്തി. പമ്പാ സാഗർ എന്നും അറിയപ്പെടുന്ന അണക്കെട്ട് കർണാടകയിലെ തുംഗഭദ്ര നദിക്ക് കുറുകെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജലസേചനം, വൈദ്യുതോല്പാദനം, വെള്ളപ്പൊക്ക നിയന്ത്രണം തുടങ്ങിയവയ്ക്കായി അണക്കെട്ട് ഉപയോഗപ്പെടുത്തുന്നു.
പശ്ചിമഘട്ടത്തിൽനിന്ന് ഉത്ഭവിക്കുന്ന തുംഗ, ഭദ്ര നദികളിൽനിന്നാണ് തുംഗഭദ്ര എന്ന പേര് ലഭിച്ചത്. കർണാടകയിലൂടെ 382 കിലോമീറ്റർ ഈ നദികൾ ഒഴുകുന്നുണ്ട്. നദികൾ ആന്ധ്രയിൽ എത്തുമ്പോൾ ഒന്നിച്ചു ചേരും. 1945ൽ പദ്ധതിക്ക് തറക്കല്ലിട്ടു. 1956ൽ പദ്ധതി ഉദ്ഘാടനം ചെയ്തു. സർ ആർതർ കോട്ടൺ ആണ് തുംഗഭദ്ര പദ്ധതിക്ക് തുടക്കമിട്ടത്. ഹൈദരാബാദിലെ രാജാവും മദ്രാസ് പ്രസിഡന്‍സിയും ചേര്‍ന്നാണ് നിര്‍മ്മാണം ആരംഭിച്ചത്. സ്വാതന്ത്ര്യം ലഭിച്ചശേഷം മൈസൂർ, ഹൈദരാബാദ് സര്‍ക്കാരുകള്‍ തമ്മിലുള്ള സംയുക്ത പദ്ധതിയായി മാറി. ജലം രണ്ടു സംസ്ഥാനങ്ങളും പങ്കുവയ്ക്കുന്നുണ്ട്. അണക്കെട്ടിന്റെ ചെലവ് 16.96 കോടി രൂപയായിരുന്നു.
English Summary: Gate of Tungabhadra dam broken; The second largest dam in the country made of surki mix
You may also like this video