Site iconSite icon Janayugom Online

ന്യൂനപക്ഷസമുദായങ്ങളെ ലക്ഷ്യമിട്ട് പരസ്യപ്രസ്ഥാവനകള്‍: അസം മുഖ്യമന്ത്രി ഹിമന്ത് വിശ്വ ശര്‍മ്മയ്ക്ക് നോട്ടീസ് അയച്ച് ഗുവാഹത്തി ഹൈക്കോടതി

ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യമിട്ട് പരസ്യ പ്രസ്ഥാവനകള്‍ നടത്തിയെന്നാരോപിച്ച് അസാം മുഖ്യമന്ത്രി ഹിമന്തക്കെതിരെ സമര്‍പ്പിച്ച നിരവധി പൊതുതാത്പര്യ ഹരജികളിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.ചീഫ് ജസ്റ്റിസ് അശുതോസ് കുമാര്‍, ജസ്റ്റിസ് അരുണ്‍ ദേവ് ചൗധരി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് നടപടി. ഹിമന്തയുടെ പരാമര്‍ശങ്ങള്‍ വിദ്വേഷ പ്രവണതയുള്ളതും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്നതുമാണെന്ന് കോടതി കണ്ടെത്തി.

മുഖ്യമന്ത്രിക്ക് പുറമേ കേന്ദ്ര സര്‍ക്കാര്‍, അസം സര്‍ക്കാര്‍, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വിദേഷ പ്രസംഗങ്ങളുടെ വീഡിയോകള്‍ ലഭ്യമായിട്ടും അസം പൊലീസ് സ്വമേധയാ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് അസം ആസ്ഥാനമായുള്ള സാഹിത്യകാരന്‍ ഹിരേന്ദ്രനാഥ് ഗുഹേയ്‌നും മറ്റ് രണ്ട് പേരും സമര്‍പ്പിച്ച പ്രധാന പൊതുതാത്പര്യ ഹരജിയില്‍ പറയുന്നു.

മിയ എന്ന പദമുപയോഗിച്ച് ഒരു പ്രത്യേക വിഭാഗത്തെ അധിക്ഷേപിക്കുന്നുവെന്നും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന രീതിയില്‍ സംസാരിക്കുന്നുവെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.മുസ്‌ലിം സമുദായത്തിലെ ആളുകള്‍ക്കെതിരെ റൈഫില്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുന്നതായി കാണിക്കുന്ന വൈറല്‍ വീഡിയോയ്‌ക്കെതിരെയും ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു.മുമ്പ് ഈ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതിയെ സമീപിക്കാനായിരുന്നു കോടതി നിര്‍ദേശം. എപ്രില്‍ 21 ന് കേസ് പരിഗണിക്കും.

Exit mobile version