Site icon Janayugom Online

സമ്പത്തില്‍ വന്‍ കുതിച്ചുചാട്ടവുമായി ഗൗതം അഡാനി

കഴിഞ്ഞ വര്‍ഷം സമ്പത്തില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് ഗൗതം അഡാനി. 49 ബില്യണ്‍ ഡോളറിന്റെ സമ്പത്താണ് അഡാനി കഴിഞ്ഞ വര്‍ഷം കുട്ടിച്ചേര്‍ത്തത്. ഒരോ ആഴ്ചയിലും ഏകദേശം 6000 കോടി രൂപ. പട്ടികയിലെ മുന്‍നിരക്കാരായ എലോണ്‍ മസ്ക്, ജെഫ് ബെസോസ്, ബെര്‍നാള്‍ഡ് അര്‍നൗള്‍ട്ട് എന്നിവര്‍ ആകെ കൂട്ടിച്ചേര്‍ത്ത തുകയേക്കാള്‍ കൂടുതലാണിത്. ഹുറുണ്‍ ഗ്ലോബല്‍ റിച്ച് പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പുനരുപയോഗ ഊര്‍ജ കമ്പനിയായ അഡാനി ഗ്രീനിന്റെ ലിസ്റ്റിങിന് ശേഷം, ഗൗതം അഡാനിയുടെ സമ്പത്ത് 2020 ലെ 17 ബില്യണ്‍ ഡോളറില്‍ നിന്ന് ഏകദേശം അഞ്ച് മടങ്ങ് വര്‍ധിച്ച് 81 ബില്യണ്‍ ഡോളറായി. ഏഷ്യയിലേയും ഇന്ത്യയിലേയും രണ്ടാമത്തെ സമ്പന്നനാണ് ഗൗതം അഡാനി. ഇന്ധനം മുതല്‍ കെട്ടിടങ്ങള്‍ വരെ നിര്‍മ്മിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മേധാവി മുകേഷ് അംബാനി തന്നെയാണ് ഏഷ്യയിലേയും ഇന്ത്യയിലേയും ഏറ്റവും വലിയ സമ്പന്നന്‍.

കഴിഞ്ഞ തവണയേക്കാള്‍ 24 ശതമാനം വര്‍ധന രേഖപ്പെടുത്തി അംബാനിയുടെ സമ്പത്ത് 103 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 28 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ശിവ് നാടാറും കുടുംബവും മൂന്നാം സ്ഥാനത്തും 26 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി സൈറസ് പൂനാവാല നാലാമതും 25 ബില്യണ്‍ ഡോളറുമായി ലക്ഷ്മി മിത്തല്‍ അഞ്ചാമതുമാണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി സൈറസ് പൂനവാല, ഡി-മാര്‍ട്ട് സ്ഥാപകന്‍ രാധാ കിഷന്‍ ദമാനി, സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തല്‍ എന്നിവരാണ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ആഗോളതലത്തിലെ ആദ്യ നൂറില്‍ പുതുതായി പ്രവേശിച്ച മൂന്ന് ഇന്ത്യക്കാര്‍.

മുകേഷ് അംബാനി ആദ്യ പത്തില്‍

മുംബൈ: ആഗോള സമ്പന്നരുടെ പട്ടികയില്‍ ആദ്യ പത്തി­ല്‍ ഇടം നേടിയ ഏക ഇന്ത്യക്കാരനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. ഹുറുണ്‍ പുറത്തുവിട്ട പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് അംബാനി ഇടംനേടിയത്. മുകേഷ് അംബാനിയുടെ സമ്പത്ത് കഴിഞ്ഞ വര്‍ഷം 24 ശതമാനം ഉയര്‍ന്ന് 103 ബില്യണ്‍ ഡോളറിലെത്തി. ആദ്യ മൂന്ന് ശതകോടീശ്വരന്മാര്‍ ടെസ്‌ല സിഇഒ എലോണ്‍ മസ്‌ക്, ആമസോണിന്റെ ജെഫ് ബെസോസ്, എല്‍എംവിഎച്ച് സിഇഒ ബെര്‍ണാഡ് അര്‍നോള്‍ട്ട് എന്നിവരാണ്. സമ്പത്തില്‍ 153 ശതമാനം വര്‍ധനവോടെ ഗൗതം അഡാനി ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നരായി.

eng­lish sum­ma­ry; Gau­tam Adani with huge leap in wealth

you may also like this video;

Exit mobile version