ഇസ്രയേൽ‑ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ നിർണായക പുരോഗതിയെന്ന് റിപ്പോര്‍ട്ട്. അന്തിമ വെടിനിർത്തൽ കരാറിന്റെ കരട് ഖത്തർ കൈമാറി. ഘട്ടം ഘട്ടമായി സൈന്യത്തെ പിൻവലിക്കുന്നതാണ് ഒരു നിർദേശം. ഇതിനോടൊപ്പം ബന്ദികളെ കൈമാറുന്നതും കരടിലുണ്ട്. ഇസ്രയേലിന്റെയും ഹമാസിന്റെയും ഔദ്യോഗിക പ്രതികരണങ്ങൾ വന്നിട്ടില്ല.
വെടിനിർത്തൽ കരാറിന്റെ കരട് നിർദേശം ലഭിച്ചിട്ടില്ലെന്നാണ് ഇസ്രയേല്‍ ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇസ്രയേൽ രഹസ്യാന്വേഷണ സംഘടനയായ മൊസാദിന്റെ തലവനടക്കമുള്ളവരുമായി ഖത്തറും അമേരിക്കയും നടത്തിയ ചർച്ചയിലാണ് നിർണായക പുരോഗതി. കരട് രേഖക്ക് മേൽ ഇരുരാജ്യങ്ങളുടെയും അന്തിമ തീരുമാനങ്ങൾ കൂടി കൂട്ടിച്ചേർത്താകും വെടിനിർത്തൽ കരാർ യാഥാര്‍ത്ഥ്യമാക്കുക. കരാറുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കഴിഞ്ഞ ഞായറാഴ്ച ഫോണിലൂടെ സംസാരിച്ചിരുന്നു.

