Site iconSite icon Janayugom Online

ഗാസ സിറ്റി വളഞ്ഞു; ഇരുവശങ്ങളിലും കവചിത വാഹനങ്ങള്‍

gaza 1gaza 1

യുദ്ധം രണ്ടാം ഘട്ടത്തിലെത്തിയതോടെ ഗാസ സിറ്റി വളഞ്ഞ് ഇസ്രയേല്‍ ടാങ്കുകള്‍. രണ്ട് വശങ്ങളിലൂടെയാണ് ഗാസയിലെ പ്രധാനനഗരം വളഞ്ഞിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 600 ലേറെ ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈനിക വക്താവ് അറിയിച്ചു.
ഗാസയുടെ തെക്കൻ അതിര്‍ത്തിയിലെ സയ്തുൻ ജില്ലയിലാണ് ഇസ്രയേലി ടാങ്കുകള്‍ പ്രവേശിച്ചിരിക്കുന്നത്. പലസ്തീൻ അതിര്‍ത്തിയില്‍ ‍വടക്കൻ മേഖലയില്‍ നിന്ന് തെക്കൻ മേഖലയിലേക്കുള്ള സലാഹുദീൻ റോഡ് തകര്‍ത്തതായി എഎ‌ഫ‌്പി റിപ്പോര്‍ട്ടു ചെയ്തു. കിഴക്കൻ ഗാസയില്‍ നിന്ന് ഇസ്രയേലി കവചിത വാഹനങ്ങള്‍ സലാഹ് അല്‍ ദിൻ തെരുവിലുമെത്തി. 

ജനസാന്ദ്രത കൂടിയ മേഖലയിലേക്കുള്ള ഇസ്രയേലിന്റെ കടന്നുകയറ്റവും ആക്രമണവും ആശങ്ക ഉളവാക്കുന്നതായി ഐക്യരാഷ്ട്ര സഭ പറഞ്ഞു.
ഗാസ സിറ്റിയുടെ ദക്ഷിണ മേഖലയിലേക്ക് പലായനം ചെയ്യാൻ ജനങ്ങള്‍ക്ക് ഇസ്രയേല്‍ നിര്‍ദേശം നല്‍കിയിരുന്നു. വലിയൊരു ശതമാനം പലായനം ചെയ്തെങ്കിലും ജനങ്ങള്‍ വടക്കൻ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. റാഫ അതിര്‍ത്തിയിലൂടെ 33 ട്രക്കുകള്‍ ഗാസയിലെത്തി. യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് ഇത്രയേറെ ട്രക്കുകള്‍ ഗാസയിലെത്തുന്നത്. എന്നാല്‍ സഹായം മതിയാകില്ലെന്നും ജനങ്ങള്‍ ഭക്ഷണത്തിനും വെള്ളത്തിനും മരുന്നിനുമായി അലയുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇന്നലെ മാത്രം 304 പേരാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ മാത്രം ഇതുവരെ 8,306 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ 3,457 കുട്ടികളും 2,136 വനിതകളും ഉള്‍പ്പെടുന്നു. ജനിന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ നടത്തിയ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. പതിനായിരക്കണക്കിന് പേര്‍ക്ക് അഭയം നല്‍കിയ അല്‍ഖുദാ ആശുപത്രിക്ക് സമീപവും ആക്രമണം ഉണ്ടായി. ഗാസയ്ക്ക് പുറമെ സിറിയയിലെയും ലെബനണിലെയും കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. 

Eng­lish Sum­ma­ry: Gaza City besieged; Armored vehi­cles on both sides

You may also like this video

Exit mobile version