Site iconSite icon Janayugom Online

ഗാസ അന്താരാഷ്ട്ര സേന; തീരുമാനം ഇസ്രയേലിന്റേതെന്ന് നെതന്യാഹു

ഗാസയിലെ അന്താരാഷ്ട്ര സേനയിൽ ഏതൊക്കെ രാജ്യങ്ങളുടെ സൈനികരെ ഉൾപ്പെടുത്തണമെന്ന് ഇസ്രയേല്‍ തീരുമാനിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ സമാധാനപദ്ധതിയുടെ ഭാഗമാണ് അന്താരാഷ്ട്ര സേന. എന്നാല്‍ ഇസ്രയേല്‍ അംഗീകരിച്ചാൽ മാത്രമെ വിദേശ സൈനികവിന്യാസം ഉണ്ടാകൂ എന്ന് നെതന്യാഹു വ്യക്തമാക്കി. ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ യുഎസിന് അവകാശമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇസ്രയേലിന്റെ സുരക്ഷ ആഭ്യന്തര വിഷയമാണ്. ഏതൊക്കെ അന്താരാഷ്ട്ര ശക്തികളാണ് സ്വീകാര്യമല്ലാത്തതെന്ന് സ്വയം നിര്‍ണയിക്കും. അത് ഇസ്രയേലിന്റെ നയമായിതന്നെ തുടരുന്നെ് നെതന്യാഹു മന്ത്രിസഭ യോഗത്തിൽ പറഞ്ഞു. യുഎസും ഈ നയത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രയേൽ സന്ദർശന വേളയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഇസ്രയേൽ അനുകൂലമായി കരുതുന്ന രാജ്യങ്ങൾ മാത്രമേ അന്താരാഷ്ട്ര സേനയിൽ ഉൾപ്പെടുകയുള്ളൂവെന്ന് അറിയിച്ചിരുന്നു. തുർക്കിയയുടെ പങ്കാളിത്തത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് ഒഴിവാക്കിയെങ്കിലും, ഗാസയുടെ ഭാവി സർക്കാറിൽ ഹമാസിന് ഒരു പങ്കും ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഎൻ പ്രമേയത്തിലൂടെയോ അന്താരാഷ്ട്ര കരാറിലൂടെയോ ബഹുരാഷ്ട്ര സേനക്ക് അംഗീകാരം നേടുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നും ഖത്തറിൽ ഈ വിഷയം ചർച്ച ചെയ്യുമെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു.

അറബ് രാജ്യങ്ങൾ സൈന്യത്തെ അയയ്ക്കുക മാത്രമല്ല, സാമ്പത്തിക സഹായവും തുടരണമെന്ന് ട്രംപ് ഭരണകൂടം നിര്‍ദേശിച്ചിരുന്നു. എന്നിരുന്നാലും, അറബ് രാജ്യങ്ങളോ മറ്റ് രാജ്യങ്ങളോ ഗസ്സയിലേക്ക് സൈന്യത്തെ അയയ്ക്കാൻ തയാറാകുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അമേരിക്കൻ സൈന്യത്തെ അയക്കില്ലെന്ന് ട്രംപ് ഭരണകൂടം ഇതിനകം വ്യക്തമാക്കി. പകരം, ഈജിപ്ത്, ഇന്തോനേഷ്യ, ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള സൈന്യം ഉൾപ്പെട്ടേക്കാം. 

Exit mobile version