ലോകരാജ്യങ്ങള്‍ ഗാസയിലെ വംശഹത്യയെ ഐക്യരാഷ്ട്ര സഭയിലടക്കം ചോദ്യം ചെയ്യുന്നതിനിടയിലും ഗാസയെ നശിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍. ഗാസയില്‍ തുടരുന്ന ആക്രമണത്തിന്റെ തീവ്രത വര്‍ധിപ്പിച്ചതായി പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു. എക്സ് പോസ്റ്റിലൂടെയാണ് ഐഡിഎഫ് ആക്രമണങ്ങള്‍ തീവ്രമാക്കിയതായും നിര്‍ണായകമായ ഘട്ടത്തിലേക്ക് കടന്നതായും കാറ്റ്സ് അറിയിച്ചത്. ഗാസ നഗരത്തില്‍ നിന്ന് ഏഴര ലക്ഷം ജനങ്ങള്‍ തെക്ക് ഭാഗത്തേക്ക് പലായനം ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയിലെ വ്യോമ, കര മേഖലകളില്‍ നിന്നുള്ള പ്രതിരോധ ശക്തികളെ തകര്‍ക്കാനായി ശക്തമായ സെെനിക വിന്യാസം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ കാറ്റ്സ്, ഐഡിഎഫ് സെെനികരെ ധീരരായ പോരാളികളെന്നാണ് വിശേഷിപ്പിച്ചത്.
ഗാസയില്‍ മാത്രമല്ല, സമീപപ്രദേശങ്ങളിലും കനത്ത ആക്രമണമാണ് നടക്കുന്നത്. ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കാന്‍ സാധിച്ചുവെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ഹമാസിനെ വെല്ലുവിളിച്ചു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. എല്ലാ യുദ്ധ ലക്ഷ്യങ്ങളും കെെവരിക്കുന്നതുവരെ ഇസ്രയേല്‍ പിന്മാറില്ല, സെെന്യത്തിന്റെ ഉത്തരവുകള്‍ അനുസരിച്ചില്ലെങ്കില്‍ ഗാസ നശിപ്പിച്ച് ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് കാറ്റ്സ് ഭീഷണി മുഴക്കി. ലോകരാജ്യങ്ങള്‍ ഇസ്രയേലിനെതിരെ ശക്തമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. യുഎന്‍ പൊതുസമ്മേളനത്തിലെ പ്രസംഗങ്ങളിലെല്ലാം നിറഞ്ഞുനിന്നത് പലസ്തീന്‍ ഐക്യദാര്‍ഢ്യവും ഇസ്രയേല്‍ വിമര്‍ശനങ്ങളുമായിരുന്നു. യുഎസിനെ പോലുള്ള ചില രാജ്യങ്ങള്‍ മാത്രമാണ് ഐക്യരാഷ്ട്രസഭയില്‍ ഇസ്രയേലിനെ പിന്തുണയ്ക്കുന്നത്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളിലും വെടിവയ്പിലും 79 പേര്‍ കൊല്ലപ്പെട്ടു. ഗാസ നഗരത്തിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത്. അന്താരാഷ്ട്ര തലത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള സമ്മര്‍ദം അവഗണിച്ച്, ലക്ഷക്കണക്കിന് പലസ്തീനികള്‍ കുടുങ്ങിക്കിടക്കുന്ന, മുനമ്പിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റിക്ക് നേരെ ഇസ്രയേല്‍ സെെന്യം ആക്രമണം തുടരുകയാണ്. നുസെെറത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ തുടര്‍ച്ചയായ രണ്ട് ആക്രമണങ്ങളാണുണ്ടായത്. ഇതില്‍ ഒരു കുടുംബത്തിലെ ഒമ്പത് അംഗങ്ങളും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 13 പേരും മരിച്ചതായി അല്‍ അവ‍്ദ ആശുപത്രി അധികൃതര്‍ അറിയിച്ചു. നാസല്‍ ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടനുസരിച്ച് നുസെെറത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ അഞ്ച് മരണങ്ങള്‍ കൂടി സംഭവിച്ചിട്ടുണ്ട്.
തെക്കന്‍ ഗാസയില്‍ വെടിവയ്പും വ്യോമാക്രമണവും നടന്നു. ഈ ആക്രമണങ്ങളില്‍ ആരും കൊല്ലപ്പെട്ടതായി വിവരമില്ലെന്നാണ് ഇസ്രയേല്‍ സെെന്യം പറയുന്നത്. ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിക്ക് ചുറ്റും ഇസ്രയേലി ടാങ്കുകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. 159 രോഗികളാണ് നിലവില്‍ ആശുപത്രിയിലുള്ളത്. ആക്രമണ സാധ്യത ഭയന്ന് ആശുപത്രികളിലേക്കുള്ള രോഗികളുടെ പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിന് മുകളിലൂടെ ഡ്രോണുകള്‍ തുടര്‍ച്ചയായി പറക്കുന്നതു കാരണം ആശുപത്രിയുടെ പ്രധാന പ്രവേശന കവാടം അടച്ചിട്ടിരിക്കുകയാണെന്ന് നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗം മേധാവി ഡോ. നാസർ ബുൾബുൾ പറഞ്ഞു. ഇസ്രയേല്‍ ആക്രമണത്തില്‍ 66,005 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 1,68,162 പേർക്ക് പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ പകുതിയോളം സ്ത്രീകളും കുട്ടികളുമാണ്. ഐക്യരാഷ്ട്രസഭയും നിരവധി സ്വതന്ത്ര വിദഗ്ധരും ഈ കണക്കുകൾ വിശ്വസനീയമായി കണക്കാക്കുന്നു.

