Site icon Janayugom Online

ജിഡിപി 7.3 ശതമാനം: എസ് ആന്റ് പി

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ പ്രതീക്ഷിത മൊത്ത ആഭ്യന്തര ഉല്പാദനം (ജിഡിപി) 7.3 ശതമാനമായിരിക്കുമെന്ന് ആഗോള റേറ്റിങ് ഏജന്‍സിയായ എസ് ആന്റ് പി ഗ്ലോബല്‍. അതേസമയം 2023–24 വര്‍ഷത്തെ വളര്‍ച്ചാ പ്രവചനം 6.3 ശതമാനമാണ്. ഇന്ത്യന്‍ സമ്പദ്ഘടനയിലെ വെല്ലുവിളികള്‍ കുറഞ്ഞുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2022 അവസാനം വരെ പണപ്പെരുപ്പം ആര്‍ബിഐയുടെ ഇടക്കാല ലക്ഷ്യമായ ആറ് ശതമാനത്തിനു മുകളിലായിരിക്കുമെന്നും എസ് ആന്റ് പി ഗ്ലോബല്‍ പറയുന്നു. ഏഷ്യ പസഫിക് മേഖലയുടെ സാമ്പത്തിക വിശകലന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.
പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങളുടെയും പലിശ നിരക്കുകള്‍ ഉയര്‍ന്നതിന്റെയും പശ്ചാത്തലത്തില്‍ അടുത്തിടെ രാജ്യത്തിന്റെ വളര്‍ച്ചാ മറ്റ് ഏജന്‍സികള്‍ വെട്ടിക്കുറച്ചിരുന്നു. അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ ഫിച്ച് വളര്‍ച്ചാ നിരക്ക് നേരത്തെ പ്രവചിച്ചിരുന്ന 7.8 ശതമാനത്തില്‍ നിന്നും ഏഴ് ശതമാനമായി വെട്ടിക്കുറച്ചിരുന്നു. 6.9 ആയാണ് ഇന്ത്യ റേറ്റിങ്സ് ആന്റ് റിസര്‍ച്ച് വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചത്. ഏഴ് ശതമാനമായിരുന്നു നേരത്തെ പ്രവചിച്ചിരുന്നത്.
ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് 7.5ല്‍ നിന്ന് ഏഴ് ശതമാനമായാണ് കുറച്ചത്. ഇന്ത്യന്‍ സമ്പദ്ഘടന 7.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രവചനം. 2021–22 വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 8.7 ശതമാനമായിരുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ സമ്പദ്‌വ്യവസ്ഥ 13.5 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു.
ഗോതമ്പിന്റെയും അരിയുടെയും വില ഉയരുന്നത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ തിരിച്ചടിയാകുമെന്ന് എസ് ആന്റ് പി ഗ്ലോബലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷ്യ പണപ്പെരുപ്പം ഇനിയും ഉയരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

Eng­lish Sum­ma­ry: GDP 7.3 per­cent: S&P

You may like this video also

Exit mobile version