ഇന്ത്യ സമഗ്രമായ വളര്‍ച്ച നേടുന്നുവെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ പൊള്ളയെന്ന് തുറന്നുകാട്ടി ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. വിദേശനിക്ഷേപത്തിന്റെ പിന്‍വലിക്കലും ജനങ്ങളുടെ സാമ്പത്തിക നീക്കിയിരിപ്പ് ഇല്ലാതായതും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുമ്പോള്‍, ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷം 8.2 ശതമാനം വളര്‍ച്ച നേടുമെന്ന പ്രവചനം നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് (എന്‍എസ്ഒ) പുറത്തുവിട്ടു. 2024 സാമ്പത്തിക വർഷത്തിൽ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഉല്പാദന മേഖലയിൽ ഉണ്ടായതെന്ന് ആർബിഐ വാർഷിക റിപ്പോർട്ടിൽ പറയുന്നു. നിർമ്മാണ മേഖലയില്‍ 2024 സാമ്പത്തിക വർഷത്തിൽ 930 കോടി ഡോളർ വിദേശനിക്ഷേപമാണ് ഉണ്ടായത്. ഇത് 2023 ലെ 1130 കോടി ഡോളറിനെക്കാൾ 17.7 ശതമാനം കുറവാണ്. 2022 ൽ നിർമ്മാണ മേഖലയില്‍ 1630 കോടി ഡോളർ വിദേശനിക്ഷേപം ലഭിച്ചിരുന്നു.
ഇന്ത്യൻ കുടുംബങ്ങളുടെ സാമ്പത്തിക നീക്കിയിരിപ്പ് കുത്തനെ കുറഞ്ഞതായും വാര്‍ഷിക റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 5.2 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020–21 സാമ്പത്തിക വർഷം സമ്പാദ്യം 11.6 ശതമാനമായി ഉയർന്നിരുന്നു. 21–22 ല്‍ ഇത് കുത്തനെ ഇടിഞ്ഞ് 7.2 ശതമാനമായി.
അതേസമയം, ഗാർഹിക കടം 2013–14 സാമ്പത്തിക വർഷത്തിൽ മൂന്ന് ശതമാനം ആയിരുന്നത് 22–23ൽ 5.7 ശതമാനമായി ഉയർന്നതായും റിപ്പോര്‍ട്ടിലുണ്ട്. രാജ്യം വലിയ തോതിലുള്ള തൊഴിലില്ലായ്മയും കുറഞ്ഞ വേതനവും നേരിടുന്ന സമയത്താണ് ഉയർന്ന കടവും കുറഞ്ഞ സമ്പാദ്യവും പ്രതിസന്ധിയായി മാറിയിരിക്കുന്നത്.
രാജ്യത്തെ തൊഴിൽ മേഖലയെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് വിദ്യാഭ്യാസമുള്ള തൊഴിൽരഹിതരായ യുവാക്കളുടെ അനുപാതം 2000ൽ 54.2 ശതമാനമായിരുന്നത് 2022‑ൽ 65.7 ശതമാനമായി ഉയർന്നു. കോളജ് ബിരുദമുള്ളവരിലെ തൊഴിലില്ലായ്മാ നിരക്ക് 29.1ശതമാനമാണ്. ഇത് നിരക്ഷരരായ വ്യക്തികളുടെ (3.4) നിരക്കിനെക്കാൾ ഒമ്പത് മടങ്ങ് കൂടുതലാണ്. കുറഞ്ഞ വേതന തൊഴിലാളിയുടെ ശരാശരി പ്രതിമാസ വേതനം 2012 ൽ 12,100 രൂപയിൽ നിന്ന് 2022 ൽ 10,925 രൂപയായി കുറഞ്ഞു.
കാർഷിക മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ പ്രകാരം 2014–24 മുതൽ കർഷക തൊഴിലാളികളുടെ വേതനം ഓരോ വർഷവും 1.3 ശതമാനം കുറഞ്ഞു. 2004–14 കാലത്ത് വേതനത്തിൽ 6.8 ശതമാനം വാർഷിക വർധനവ് രേഖപ്പെടുത്തിയിരുന്നു.
അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെക്കാള്‍ വളര്‍ച്ച ഇക്കൊല്ലം ഉണ്ടാകുമെന്നാണ് എന്‍എസ്ഒ അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 8.6 ശതമാനമായിരുന്നു ജിഡിപി. ഇതിനേക്കാള്‍ കുറവാണ് തൊട്ടടുത്ത പാദത്തിലുണ്ടായത്. 2022–23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 6.2 ശതമാനമായിരുന്നു.
ഫെബ്രുവരിയില്‍ എന്‍എസ്ഒ തയ്യാറാക്കിയ രണ്ടാമത്തെ മുന്‍കൂര്‍ എസ്റ്റിമേറ്റില്‍ 2024ലെ സാമ്പത്തിക വളര്‍ച്ച 7.6 ശതമാനത്തിലെത്തുമെന്നായിരുന്നു.
English Summary:GDP growth; RBI report that the Center’s claims are hollow
You may also like this video