Site iconSite icon Janayugom Online

ജിഡിപി വളര്‍ച്ച കുറയും; പ്രവചനം വെട്ടിക്കുറച്ച് മൂഡീസ്

2022–23 സാമ്പത്തികവര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം വെട്ടിക്കുറച്ച് മൂഡീസ്. ഇക്കഴിഞ്ഞ നവംബറില്‍ വിലയിരുത്തിയ ഏഴ് ശതമാനത്തില്‍ നിന്നും 6.8 ശതമാനത്തിലേക്കാണ് താഴ്ത്തിയത്.
2023 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 5.5 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. നേരത്തെ ഇത് 4.8 ശതമാനമായിരുന്നു. കേന്ദ്ര ബജറ്റില്‍ മൂലധന ചെലവിലേക്കുള്ള തുക വകയിരുത്തലും രാജ്യത്തെ സമ്പദ് വ്യവസ്ഥ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിയതും കണക്കിലെടുത്താണ് വളര്‍ച്ചാ അനുമാനം ഉയര്‍ത്തിയതെന്നും മൂഡീസ് ഇറക്കിയ റിപ്പോര്‍ട്ടിലുണ്ട്.
നടപ്പ് സാമ്പത്തിക വർഷത്തിലെ ഒക്ടോബർ‑ഡിസംബർ പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച 4.4 ശതമാനമായി കുറഞ്ഞതായി കഴിഞ്ഞദിവസം കണക്കുകള്‍ പുറത്തുവന്നിരുന്നു. മുൻ വർഷം ഇതേ കാലയളവില്‍ 11.2 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ച. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 13.5 ശതമാനവും ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 6.2 ശതമാനവും വളര്‍ച്ചയുണ്ടായിരുന്നു.

അതേസമയം ഫെബ്രുവരിയിലെ ജിഎസ‌്ടി വരുമാനത്തില്‍ 12 ശതമാനം വര്‍ധനയുണ്ടായതായി ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1.49 ലക്ഷം കോടി രൂപയാണ് ഈയിനത്തില്‍ സമാഹരിച്ചത്. ജിഎസ‌്ടി നടപ്പാക്കിയതിനുശേഷം സെസ് ആയി ഏറ്റവും ഉയര്‍ന്ന തുകയാണ് ഫെബ്രുവരിയില്‍ ലഭിച്ചത്, 11,931 കോടി. ജനുവരിയിലെ ജിഎസ്‌ടി വരുമാനം 1.57 ലക്ഷം കോടി രൂപയായിരുന്നു. 2022 ഏപ്രിലില്‍ എക്കാലത്തെയും ഉയര്‍ന്ന വരുമാനമായ 1.68 ലക്ഷം കോടി രേഖപ്പെടുത്തിയിരുന്നു. 

Eng­lish Sum­ma­ry: GDP growth will slow; Moody’s cuts forecast
You may also like this video

Exit mobile version