Site iconSite icon Janayugom Online

ഗീതു നടന്നെത്തിയത് ഹാട്രിക്‌ സ്വർണ‌ത്തിലേക്ക്‌

പ്രതികൂല സാഹചര്യങ്ങളെ കരുത്താക്കി മാറ്റി ഗീതു കെ പി നേടിയത് ഹാട്രിക് സ്വര്‍ണം. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം മഹാരാജാസ് കോളജിലെ സിന്തറ്റിക് ട്രാക്കില്‍ 300 മീറ്റര്‍ നടത്തത്തിലാണ് ഗീതു സ്വര്‍ണമണിഞ്ഞത്. കഴിഞ്ഞ തവണ കുന്നംകുളത്ത്‌ നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയിലും ഗീതു സ്വര്‍ണം അണിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മത്സരിച്ചാണ് സ്വര്‍ണം നേടിയതെങ്കില്‍ ഇക്കുറി സീനിയര്‍ വിഭാഗത്തിലേയ്ക്ക് മാറിയെങ്കിലും ഗീതുവിന്റെ മികവിന് ഇളക്കം തട്ടിയിരുന്നില്ല. പരിശീലകരുടെയും അധ്യാപകരുടെയും പ്രതീക്ഷ കാത്ത മിടുക്കി അനായാസമായി സ്വര്‍ണത്തിലേയ്ക്ക് നടന്ന് കയറി.

മലപ്പുറം ആലത്തിയൂര്‍ കെഎച്ച് എംഎച്ച്എസിലെ വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി. തുച്‌ഛമായ വരുമാനത്തില്‍ പരിശീലനത്തിന് പോലും പണം തികയാത്ത സാഹചര്യത്തില്‍ നിന്നാണ് ഗീതു വരുന്നത്. കയറി കിടക്കാന്‍ നല്ലൊരു കിടപ്പാടം എന്നും ഗീതുവിന് സ്വപ്‌നം തന്നെയാണ്. അപകടത്തെ തുടര്‍ന്ന് അച്ഛന്‍ കിടപ്പിലാണ്. ലോകം അറിയുന്ന കായിക താരമാകണമെന്ന സ്വപ്‌നം മാത്രമാണ് കൈമുതലായിട്ടുള്ളത്. അധ്വാനിക്കാനുള്ള മനസും കൂടി ചേരുമ്പോള്‍ വിജയങ്ങള്‍ ഗീതുവിന്റെ വഴിയെ വരികയാണ്. കായിക അധ്യാപകനായ റിയാസ് ആലത്തിയൂരിന്റെ മേല്‍നോട്ടത്തില്‍ തന്നെയാണ് കഴിഞ്ഞ രണ്ട് വര്‍ഷവും ഗീതു സ്വര്‍ണം നടന്ന് നേടിയത്‌. പരിക്കിന്റെ പിടിയിലായി ആശുപത്രി കിടക്കയില്‍ നിന്ന് നേരെ മൈതാനത്ത് വന്ന് കഴിഞ്ഞ തവണ സ്വര്‍ണം നേടിയ ഗീതുവിന്റെ നേട്ടം നാടും സ്‌കൂളും ആഘോഷമാക്കിയിരുന്നു. ഹാട്രിക് സ്വര്‍ണത്തിന്റെ വിവരം മാധ്യമങ്ങള്‍ വഴി നാട്ടിലറിഞ്ഞു കഴിഞ്ഞു. ഗീതുവിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാലയവും നാടും.

Exit mobile version