വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) ഇന്നലെ പുറത്തിറക്കിയ ആഗോള ലിംഗ സമത്വ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 135. 2021ൽ 156 രാജ്യങ്ങളിൽ 140 ആയിരുന്നു രാജ്യത്തിന്റെ സ്ഥാനം.
സാമ്പത്തിക പങ്കാളിത്തവും അവസരവും, വിദ്യാഭ്യാസ നേട്ടം, ആരോഗ്യവും അതിജീവനവും, രാഷ്ട്രീയ ശാക്തീകരണം എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ലിംഗ സമത്വ സൂചിക. 146 രാജ്യങ്ങളുളള പട്ടികയില്‍ ഐസ്‌ലാന്‍ഡ് ആണ് ഒന്നാം സ്ഥാനത്ത്. ഫിന്‍ലാന്‍ഡ്, നോര്‍വേ, ന്യൂസിലാന്‍ഡ് എന്നിവയാണ് തൊട്ടുപുറകിലുള്ള രാജ്യങ്ങള്‍. 11 രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യക്കു പുറകില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, കോംഗോ, ഇറാന്‍, ചാഡ് തുടങ്ങിയവയാണ് ഇവ.
ഏകദേശം 662 ദശലക്ഷം സ്ത്രീകളുള്ള രാജ്യത്തിന്റെ മൊത്തത്തിലുള്ള സ്കോർ 0.629 ആണ്. 2021 ലെ 0.625 ൽ നേരിയ പുരോഗതി. 2006 മുതലുള്ള 16 വർഷത്തിനിടയിലെ ഇന്ത്യയുടെ ഏഴാമത്തെ ഉയർന്ന സ്കോറാണിതെന്ന് റിപ്പോർട്ട് പറയുന്നു. ആരോഗ്യവും അതിജീവനവും എന്ന വിഭാഗത്തില്‍ ഏറ്റവും പിന്നില്‍ 146-ാം സ്ഥാനമാണ് ഇന്ത്യക്ക്. ജനനസമയത്തെ ലിംഗാനുപാതം, ആരോഗ്യകരമായ ആയുർദൈർഘ്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം 156 ൽ 155ാം സ്ഥാനത്തായിരുന്നു.
പാർലമെന്റിലെ സ്ത്രീകളുടെ ശതമാനം, മന്ത്രിസ്ഥാനങ്ങളിലെ ശതമാനം എന്നിങ്ങനെയുള്ള കണക്കുകളില്‍ ഇന്ത്യയുടെ റാങ്ക് 146 ൽ 48ആണ്. എങ്കിലും അതിന്റെ സ്കോർ 0.267 മാത്രമാണ്. ഈ വിഭാഗത്തില്‍ ബംഗ്ലാദേശിനെക്കാള്‍ പിന്നിലുമാണ്. ബംഗ്ലാദേശ് 0.546 സ്കോറുമായി ഒമ്പതാം സ്ഥാനത്തുണ്ട്. ഒന്നാം സ്ഥാനത്തുള്ള ഐസ്‍ലാന്‍ഡിന് 0.874 പോയന്റുണ്ട്. ഇന്ത്യയുടെ സ്കോർ കഴിഞ്ഞ വർഷത്തെ 0.276 ൽ നിന്ന് 0.267 ആയി കുറയുകയായിരുന്നു. എങ്കിലും ഈ വിഭാഗത്തിൽ ഇന്ത്യ ആഗോള ശരാശരിയേക്കാൾ മുകളിലാണ്.
സാമ്പത്തിക പങ്കാളിത്തവും അവസരവും എന്നതില്‍ 146 ല്‍ ഇന്ത്യ 143ാം സ്ഥാനത്താണ്. 2021 ലെ 0.326 ൽ നിന്ന് 0.350 ലേക്ക് സ്കോര്‍ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വർഷം 156 രാജ്യങ്ങളിൽ 151 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. ഇതില്‍ രാജ്യത്തിന്റെ സ്കോർ ആഗോള ശരാശരിയേക്കാൾ വളരെ കുറവാണ്. ഇറാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവ മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ളത്. വിദ്യാഭ്യാസ നേട്ടം എന്ന സൂചികയില്‍ ഇന്ത്യ 107-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 156 ൽ 114ാം സ്ഥാനത്തായിരുന്നു.
English Summary: Gender Equality: India’s Position 135
You may like this video also