ഡല്‍ഹി സര്‍വകലാശാല, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല തുടങ്ങി രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് അടുത്ത അധ്യയന വര്‍ഷം മുതല്‍ പൊതു പ്രവേശന പരീക്ഷ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. പ്ലസ്ടു പാസായ ആര്‍ക്കും പ്രവേശന പരീക്ഷ എഴുതാം.
സെന്‍ട്രല്‍ യൂണിവേഴ്സിറ്റി പൊതു പ്രവേശന പരീക്ഷ (സിയുസിഇടി) യ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഏപ്രില്‍ ആദ്യവാരത്തില്‍ ആരംഭിക്കും. ഓണ്‍ലൈനായി 13 വ്യത്യസ്ത ഭാഷകളിലായിട്ടായിരിക്കും പരീക്ഷ നടത്തുക എന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം ജഗദേഷ് കുമാര്‍ പറഞ്ഞു. ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ)ക്കാണ് പരീക്ഷാ ചുമതല നല്‍കിയിരിക്കുന്നത്. ഇന്ത്യയിലൊട്ടാകെ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാകും.
പ്രവേശന പരീക്ഷ എഴുതുന്നതിന് പ്ലസ്ടു പരീക്ഷയുടെ മാര്‍ക്ക് മാനദണ്ഡമാക്കില്ല. അതേസമയം പ്രവേശന മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സര്‍വകലാശാലകൾക്ക് ഒരു നിശ്ചിത മാര്‍ക്ക് തീരുമാനിക്കാമെന്നും യുജിസി പറയുന്നു. നിലവില്‍ ബിരുദ പ്രവേശനം മാത്രമേ സിയുസിഇടി വഴി അനുവദിക്കൂ. രാജ്യത്തെ 45 കേന്ദ്ര സര്‍വകലാശാലകള്‍ക്കും ഇത് ബാധകമായിരിക്കുമെന്നും യുജിസി ചെയര്‍മാന്‍ പറഞ്ഞു. സംസ്ഥാന സര്‍വകലാശാലകള്‍, സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ പ്രവേശനം നേടുന്നവരും ഭാവിയില്‍ പ്രവേശന പരീക്ഷ എഴുതണം.
അമേരിക്കയുടെ എസ്എടിക്ക് സമാനമായിട്ടായിരിക്കും പൊതുപ്രവേശന പരീക്ഷ നടത്തുക. ഈ വര്‍ഷത്തെ പരീക്ഷ ജൂലൈ അവസാനവാരം നടക്കുമെന്നാണ് സൂചന.
അതേസമയം സിയുസിഇടി പരീക്ഷ നടത്തുന്നതില്‍ എതിര്‍പ്പുമായി വിദ്യാര്‍ത്ഥി സംഘടനകളും അധ്യാപകരും രംഗത്തെത്തിയിട്ടുണ്ട്. ശാസ്ത്ര‑സാങ്കേതിക, ഗണിത ഇതര വിഷയങ്ങളില്‍ വന്‍കിട പരീശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ ഇതോടെ വര്‍ധിക്കും. ഇത് സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം അപ്രാപ്യമാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അഭിപ്രായങ്ങള്‍ മാനിക്കാതെ സര്‍വകലാശാലകള്‍ക്കുമേല്‍ തീരുമാനം അടിച്ചേല്‍പ്പിക്കുകയാണെന്ന് എഐഎസ്എഫ് ജനറല്‍ സെക്രട്ടറി വിക്കി മഹേശരി പറഞ്ഞു.
English Summary: General Entrance Examination for Central University Degree Course
You may like this video also