Site iconSite icon Janayugom Online

കുട്ടനാട്ടിൽ നെൽകൃഷിയിൽ തലമുറമാറ്റം; പാടശേഖരങ്ങൾക്ക് പ്രിയം ‘പൗർണമി’

കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ നെൽകൃഷിയിൽ തലമുറമാറ്റം. പുഞ്ചകൃഷിക്കാലത്ത് കുട്ടനാടൻ പാടശേഖരങ്ങളിൽ പൗർണമി (എം ഒ 23) എന്ന ഇനം നെൽവിത്ത് വ്യാപകമാകുന്നു. രണ്ടു പതിറ്റാണ്ടുകാലമായി ഉമ (എം ഒ 16) എന്ന ഇനം നെൽവിത്തായിരുന്നു കുട്ടനാട്ടിൽ ഉപയോഗിച്ചിരുന്നത്. ഇപ്പോഴും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വിത്തിനം ഉമയാണെങ്കിലും പൗർണമിയുടെ ഉപയോഗം കൂടുന്നതായാണ് റിപ്പോർട്ട്. പൗർണമിക്ക് കുറഞ്ഞ മൂപ്പുള്ള കാലയളവും മറ്റ് ഇനങ്ങളെ അപേക്ഷിച്ച് കൂടുതൽ ഭാരവുമാണ്. പാലക്കാട്, തൃശൂർ ജില്ലകളിൽ അടക്കം വിവിധ പ്രദേശങ്ങളിൽ പൗർണമിയെ കർഷകർ ഇതിനകം സ്വീകരിച്ചു കഴിഞ്ഞു.

കുട്ടനാട്ടിലെ രണ്ടായിരത്തോളം കർഷകരാണ് കഴിഞ്ഞ പു‍ഞ്ച സീസണിൽ പൗർണമിയിലേക്ക് മാറിയത്. ഈ പുഞ്ച സീസണിൽ ഏകദേശം 2,500–3,000 ഏക്കറിലാണ് ഈ ഇനം കൃഷി ചെയ്യുന്നത്. എൻഎച്ച്ടി എ‑8 എന്ന ഇനവും അരുണ (എംഒ 8) എന്ന മങ്കൊമ്പ് നെല്ലിനവും തമ്മിൽ സങ്കരണം നടത്തി രൂപപ്പെടുത്തിയതാണ് പൗർണമി. മുൻ ആർആർഎസ് ഡയറക്ടർ ലീന കുമാരി എസിന്റെ നേതൃത്വത്തിലുള്ള ഗവേഷകർ 2017–18 കാലയളവിലാണ് ഈ ഇനം വികസിപ്പിച്ചെടുത്തത്. എന്നാൽ ഈ വിത്ത് കർഷകരിലേക്ക് എത്തുന്നത് 2022 ലാണ്. 2023 മുതൽ കുട്ടനാടൻ പാടശേഖരങ്ങളിൽ ഈ വിത്തിനം കൂടുതലായി കൃഷി ചെയ്യാൻ തുടങ്ങി. പുതിയ വിത്തിന് ഇപ്പോൾ വളരെ നല്ല പ്രതികരണമാണ് കുട്ടനാട്ടിൽ ലഭിക്കുന്നത്. കർഷകർ കൂടുതലായി ഈ നെൽവിത്തിലേക്ക് തിരിയുന്നുണ്ടെന്ന് മങ്കൊമ്പ് എം എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം മേധാവി പ്രൊഫ. എം സുരേന്ദ്രൻ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുത്ത് നില്‍ക്കാൻ പൗർണമിക്ക് കഴിയുമെന്നും ഗവേഷകർ പറയുന്നു.

ഉമയെക്കാളും മറ്റ് വിത്ത് ഇനങ്ങളേക്കാളും ഭാരമുള്ളതാണ് പൗർണമി. 2021‑ൽ കേന്ദ്രം ഇതിനെ ഔദ്യോഗിക വിത്ത് ഇനമായി വിജ്ഞാപനം ചെയ്തു. കൂടുതൽ പ്രതിരോധശേഷി എന്നതാണ് പൗർണമിയെ വേറിട്ട് നിർത്തുന്നത്. ഓലകരിച്ചിൽ, അവിച്ചിൽ, കതിർകേട് തുടങ്ങിയ രോഗങ്ങൾ ഉമ ഉൾപ്പെടെയുള്ളവയെ വ്യാപകമായി ബാധിച്ചിരുന്നു. എന്നാൽ ഇത്തരം രോഗങ്ങളിൽ നിന്ന് അകന്ന് നിൽക്കുന്ന വിത്തിനമാണ് പൗർണമിയെന്നാണ് കർഷകരും പറയുന്നത്. 120 ദിവസം കൊണ്ട് പൗർണമി മൂപ്പെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അടുത്ത സീസൺ മുതൽ കൂടുതൽ വിത്ത് പുറത്തിറങ്ങുന്നതോടെ പൗർണമിയുടെ ഉല്പാദനം കൂടുമെന്ന പ്രതീക്ഷയും ഗവേഷണ കേന്ദ്രത്തിലുള്ളവർക്കുണ്ട്. ഇപ്പോൾ വിത്ത് ലഭ്യത കുറവാണ്. ഈ പരാതി കർഷകർക്കുമുണ്ട്. കർണാടകത്തിൽ നിന്നും ആന്ധ്രയിൽ നിന്നും പൗർണമിയുടെ വിത്ത് കൂടുതലായി എത്താൻ തുടങ്ങുന്നതോടെ വരും സീസണിൽ ഈ നെൽ വിത്ത് കുട്ടനാട്ടിൽ മാത്രമല്ല, ഇതര പാടശേഖരങ്ങളിലും കൂടുതലായി വിളയുമെന്നാണ് കരുതുന്നത്.

Exit mobile version