ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിന് എതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നും അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്നും പൊലീസ്. ഇതോടെ കോണ്‍ഗ്രസ് ഉന്നയിച്ച പ്രധാന ആരോപണമാണ് പൊളിഞ്ഞിരിക്കുന്നത്.വഴിതടഞ്ഞതിനും ജോജു ജോർജിന്റെ വാഹനം ആക്രമിച്ചതിനും കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
വാഹനത്തില്‍ മദ്യക്കുപ്പികള്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ജോജു മദ്യപിച്ചെത്തിയാണ് ബഹളം വച്ചതെന്നും വാഹനത്തില്‍ മദ്യക്കുപ്പികള്‍ കണ്ടിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. വനിതാ പ്രവര്‍ത്തകയോട് ജോജു അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഉപരോധ സമരത്തിനിടയിലേക്ക് കള്ളുകുടിച്ചെത്തിയ നടന്‍ ജോജു ജോര്‍ജ് വനിതാ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ആരോപിച്ചത്. കാറില്‍ മദ്യക്കുപ്പികളും ഗ്ലാസും ഉണ്ടായിരുന്നെന്നും ഷിയാസ് പറഞ്ഞു. എന്നാല്‍ താന്‍ മദ്യപാനം നിര്‍ത്തിയിട്ട് അഞ്ചു വര്‍ഷമായെന്നും പരിശോധന നടത്തി ഇതു തെളിയിക്കുമെന്നും ജോജു പറഞ്ഞിരുന്നു.
അതിനിടെ കോണ്‍ഗ്രസ് പ്രവർത്തകർ ജോജു ജോർജിൻറെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
English Summary: Joju George was not drunken, Congress allegation