Site icon Janayugom Online

ജര്‍മ്മന്‍ ടാബ്ലോയ്ഡ് 200 പേരെ പിരിച്ചുവിട്ടു; പകരം ജോലി എഐയ്ക്ക്

ചെലവ് ചുരുക്കലിന്റെ ഭാഗമായി യൂറോപ്പിലെ പ്രമുഖ ടാബ്ലോയ്ഡായ ബില്‍‍ഡ് 200 ജീവനക്കാരെ പിരിച്ചുവിട്ടു. നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി എഡിറ്റോറിയല്‍ വിഭാഗത്തില്‍ നിന്ന് കൂടുതല്‍ പേരെ ഒഴിവാക്കുമെന്നും ബില്‍ഡ് അറിയിച്ചിട്ടുണ്ട്.
ബില്‍ഡിന്റെ പ്രസാധകരായ ആക്സെല്‍ സ്പ്രിങ്ഗര്‍ എസ്ഇ ഇമെയിലിലൂടെയാണ് ജീവനക്കാരെ ഇക്കാര്യങ്ങള്‍ അറിയിച്ചത്. പൂര്‍ണമായും ഡിജിറ്റല്‍ മീഡിയ കമ്പനിയായി മാറുമെന്ന് ഫെബ്രുവരിയില്‍ ചീഫ് എക്സിക്യൂട്ടീവ് മതിയാസ് ഡോഫ്നെര്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ നീക്കം. 

ബ്രിട്ടനിലെ ഡെയ്‌ലി മിററും ‍ഡെയ്‌ലി എക്സ്പ്രസും നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. മെന്‍സ് ജേണലും ടെക് വെബ്സൈറ്റായ സിനെറ്റും നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഏഴ് തവണ എഫ് വണ്‍ ലോക ചാമ്പ്യനായ മിഖായേല്‍ ഷൂമാക്കറുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചതിന് ജര്‍മ്മന്‍ വീക്കിലി മാഗസീന് നിയമനടപടികള്‍ നേരിടേണ്ടി വന്നിരുന്നു. അപകടത്തെ തുടര്‍ന്ന് 2013 മുതല്‍ ചികിത്സയില്‍ കഴിയുന്ന ഷൂമാക്കറുടെ അഭിമുഖം എഐയുടെ സഹായത്തോടെയാണ് തയ്യാറാക്കിയത്. തുടര്‍ന്ന് മാഗസീന്‍ എഡിറ്ററെ പുറത്താക്കുകയും കുടുംബാംഗങ്ങളോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. 

Eng­lish Summary:German tabloid lays off 200 peo­ple; Instead, the job is for AI

You may also like this video

Exit mobile version