Site iconSite icon Janayugom Online

മലയാളി നഴ്‌സുമാരെ ജർമനി വിളിക്കുന്നു

കേരളത്തിൽ നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിൽ അനന്തസാധ്യകൾക്ക് വഴിതുറന്ന് നോർക്ക റൂട്ട്‌സും ജർമനിയിലെ ആരോഗ്യമേഖലയിൽ വിദേശ റിക്രൂട്ട്‌മെന്റ് നടത്താൻ അധികാരമുള്ള സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഇന്ന് ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും.

കോവിഡിന്റെ പുതിയ വകഭേദത്തിന്റെ ആവിർഭാവത്തെത്തുടർന്ന് രാജ്യങ്ങൾ അന്താരാഷ്ട്ര യാത്രകൾക്ക് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യയിലെ ജർമൻ ഫെഡറൽ ഫോറിൻ ഓഫീസിലെ കോൺസുലർ ജനറൽ അച്ചിം ബുർക്കാർട്ട്, ജർമൻ എംബസിയിലെ സോഷ്യൽ ആന്റ് ലേബർ അഫയേഴ്‌സ് വകുപ്പിലെ കോൺസുലർ തിമോത്തി ഫെൽഡർ റൗസറ്റി എന്നിവരാണ് ധാരണാ പത്രം ഒപ്പുവയ്ക്കാൻ കേരളത്തിൽ എത്തുന്നത്.

രാവിലെ 10.30ന് മുഖ്യമന്ത്രിയുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ നോർക്ക റൂട്ട്‌സ് സിഇഒ കെ ഹരികൃഷ്ണൻ നമ്പൂതിരിയും കോൺസിലർ ജനറൽ അച്ചിം ബുർക്കാർട്ടും ധാരണപത്രം കൈമാറും. നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ, ജർമൻ ഹോണററി കോൺസൽ സയ്ദ് ഇബ്രാഹിം എന്നിവർ പങ്കെടുക്കും.

ആഗോളതൊഴിൽ മേഖലയിലെ മാറ്റങ്ങളെ തുടർന്ന് മലയാളികളുടെ പരമ്പരാഗത കുടിയേറ്റ കേന്ദ്രങ്ങൾക്കു പുറമെയുള്ള സാധ്യതകൾ കണ്ടെത്താനുള്ള നോർക്കയുടെ ശ്രമഫലമായാണ് ലോകത്തിലെ ഏറ്റവും ശക്തമായ വ്യവസായവത്കൃത രാജ്യമായ ജർമനിയിലെ ആരോഗ്യമേഖലയിലേക്ക് റിക്രൂട്ട്‌മെന്റിന് വഴി തുറന്നിരിക്കുന്നത്. ട്രിപ്പിൾ വിൻ എന്നു നാമകരണം ചെയ്തിരിക്കുന്ന ജർമൻ റിക്രൂട്ട്മെന്റ് പദ്ധതി ഇന്ത്യയിൽത്തന്നെ സർക്കാർ തലത്തിൽ ജർമനിയിലേക്കുള്ള ആദ്യത്തെ കുടിയേറ്റ പദ്ധതിയാണ്. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലടക്കമുള്ള വിപുലമായ കുടിയേറ്റ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ആദ്യപടിയായാണ് ട്രിപ്പിൾ വിൻ കണക്കാപ്പെടുന്നത്.

കോവിഡാനന്തരം ആഗോളതൊഴിൽ മേഖലയിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ജർമനിയിൽ പതിനായിരക്കണക്കിന് നഴ്‌സിങ് ഒഴിവുകളാണ് ഉണ്ടാകുമെന്ന് കരുതുന്നത്. അടുത്ത പതിറ്റാണ്ടിൽ ആരോഗ്യമേഖലയിൽ ലോകമെങ്ങും 25 ലക്ഷത്തിൽ അധികം ഒഴിവുകളും പ്രതീക്ഷക്കപ്പെടുന്നു. പ്രതിവർഷം കേരളത്തിൽ 8500ലധികം നഴ്‌സിങ് ബിരുദധാരികൾ പുറത്തിറങ്ങുന്നുണ്ട്. ഏറ്റവും മികച്ച ഉദ്യോഗാർത്ഥികളെ റിക്രൂട്ടുചെയ്യാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് നോർക്ക റൂട്ട്‌സ്.

വേണ്ടത് ഭാഷാ വൈദഗ്ധ്യം

 

ജർമനിയിൽ നഴ്‌സിങ് ലൈസൻസ് ലഭിച്ച് ജോലി ചെയ്യണമെങ്കിൽ ജർമൻ ഭാഷാ വൈദഗ്ധ്യവും ഗവൺമെന്റ് അംഗീകരിച്ച നഴ്‌സിങ് ബിരുദവും ആവശ്യമാണ്. ജർമൻ ഭാഷയിൽ ബി2 ലെവൽ യോഗ്യതയാണ് ജർമനിയിൽ നഴ്സ് ആയി ജോലി ചെയ്യേണ്ടതിനുള്ള അടിസ്ഥാന ഭാഷായോഗ്യത. എന്നാൽ നോർക്ക വഴി റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് ബി1 ലെവൽ യോഗ്യത നേടി ജർമനിയിൽ എത്തിയതിനു ശേഷം ബി2 ലെവൽ യോഗ്യത കൈവരിച്ചാൽ മതിയാകും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗൊയ്‌തെ സെൻട്രം മുഖേന ജർമൻ ഭാഷാ പ്രാവീണ്യം നേടുന്നതിന് സൗജന്യമായി അവസരം ഒരുക്കും.

Eng­lish Sum­ma­ry: Ger­many calls Malay­alee nurses

You may like this video

Exit mobile version