Site iconSite icon Janayugom Online

ജർമനിയിൽ ചുവപ്പ് പടരുന്നു

ജർമനിയിൽ ഇടതുപക്ഷ കക്ഷിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായ ഒലാഫ് ഷോൾസ് ചാൻസലറായി അധികാരമേറ്റതോടെ രാഷ്ട്രീയത്തിന്റെ പുതിയ പുലരിയാണ് ഉദയം ചെയ്തത്. മധ്യ‑ഇടതുപക്ഷ കക്ഷിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ(എസ്‍പിഡി) കരുത്തനായ നേതാവാണ് ഒലാഫ് ഷോൾസ്. 1949ന് ശേഷമുള്ള ജർമനിയുടെ ഒമ്പതാമത്തെ ചാൻസലർ. രാജ്യത്തെ ആദ്യ ലിംഗസമത്വ മന്ത്രിസഭയായിരിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരമേറ്റ ഷോൾസ് ദിവസങ്ങള്‍ക്കകം അത് പ്രാവർത്തികമാക്കിയെന്നത് ശ്രദ്ധേയം. 2018 മുതൽ ജർമനിയുടെ വൈസ് ചാൻസലറും ധനമന്ത്രിയുമായിരുന്ന ഷോൾസ് 303 നെതിരേ 395 വോട്ടുകൾക്കാണ് ചാൻസലറായി തെരഞ്ഞെടുക്കപ്പെട്ടത്. ആറുപേർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. 736 സീറ്റുകളുള്ള പാർലമെന്റിൽ അദ്ദേഹത്തിന്റെ ത്രികക്ഷി സഖ്യത്തിന് 416 സീറ്റുകളുണ്ട്. ജർമനിയെ ആധുനികവല്ക്കരിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുമുള്ള വലിയ പ്രതീക്ഷയോടെയാണ് ഷോൾസിന്റെ സർക്കാർ അധികാരമേറ്റത്. കൊറോണ മഹാമാരിയിൽ, രാജ്യം ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ആ വെല്ലുവിളിയെയും സർക്കാർ നേരിടേണ്ടതുണ്ട്. ജർമനിയിൽ 16 വർഷം നീണ്ട ആംഗല മെർക്കൽ ഭരണത്തിന് വിരാമമിട്ടാണ് ഷോൾസ് അധികാരമേറ്റത്. 2005 നവംബർ 22 നാണ് ജർമനിയുടെ ആദ്യ വനിതാ ചാൻസലറായി മെർക്കൽ സ്ഥാനമേൽക്കുന്നത്. ആഗോള സാമ്പത്തികപ്രതിസന്ധി, യൂറോപ്പിലെ കടപ്പെരുപ്പം, 2015–16 ലെ അഭയാർത്ഥിപ്രവാഹം, കോവിഡ് തുടങ്ങി ഒട്ടേറെ പ്രതിസന്ധിഘട്ടത്തിലൂടെ ജർമനി കടന്നുപോയി. നാല് യുഎസ് പ്രസിഡന്റുമാർക്കും അഞ്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിമാർക്കും നാല് ഫ്രഞ്ച് പ്രസിഡന്റുമാർക്കും എട്ട് ഇറ്റാലിയൻ പ്രധാനമന്ത്രിമാർക്കും ഒപ്പം മെർക്കൽ പ്രവർത്തിച്ചു. ക്രിമിയ പിടിച്ചെടുത്തതിന് റഷ്യക്കുമേൽ യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തിയതിനു പിന്നിലെ ചാലകശക്തിയും മെർക്കലായിരുന്നു. ഫോബ്സ് മാസികയുടെ ലോകത്തിലെ ഏറ്റവും ശക്തയായ സ്ത്രീയായി മെർക്കൽ കഴിഞ്ഞ പത്തുവർഷവും തിരഞ്ഞെടുക്കപ്പെട്ടതും അപൂർവത. എന്നാൽ ഭരണമാറ്റത്തിനു തൊട്ടുപിന്നാലെ ജർമനിയിൽ ആദ്യമായി ലിംഗസമത്വം പൂർണമായി ഉറപ്പുവരുത്തുന്ന മന്ത്രിസഭയ്ക്ക് രൂപം നൽകിയാണ് ഷോൾസ് വ്യത്യസ്തമായത്. 16 അംഗ മന്ത്രിസഭയിൽ എട്ടുപേരും വനിതകൾ. വിദേശകാര്യം, പ്രതിരോധം, വിദ്യാഭ്യാസം ഉൾപ്പെടെ സുപ്രധാന വകുപ്പുകളും വനിതകൾക്കാണ്. വനിതയായ ആംഗല മെർക്കലിനുപോലും സാധിക്കാത്ത കാര്യം നടപ്പാക്കിയതിലൂടെ തെരഞ്ഞെടുപ്പിന് മുമ്പ് നൽകിയ വാഗ്ദാനം പാലിക്കുകയായിരുന്നു ഷോൾസ്.


ഇതുകൂടി വായിക്കാം; ലാറ്റിനമേരിക്കന്‍ ഇടതുപക്ഷത്തിന് നിർണായകമായ മെക്സിക്കോ തെരഞ്ഞെടുപ്പ്


രാജ്യത്തെ മിനിമം വേതനം 12 യൂറോ ആക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം സഫലമായാൽ ഒരു കോടിയിലധികം പേർക്ക് ഗുണം ലഭിക്കും. നിലവിൽ 9.60 യൂറോയാണ് വേതനം. നാല് ലക്ഷം പേർക്ക് വീട് നിർമ്മിച്ച് നൽകുമെന്നും പെൻഷൻ വർധന ഉൾപ്പെടെയുള്ള ജനപ്രിയ തീരുമാനങ്ങൾ ഉണ്ടാകുമെന്നും വാഗ്ദാനങ്ങളുണ്ട്. തൊഴിലാളി വർഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടുള്ള ഷോൾസിന്റെ വാഗ്ദാനങ്ങൾ സഫലമായാൽ ജർമനിയിൽ ചുവപ്പ് വസന്തം പടരുമെന്നതിൽ സംശയമില്ല. അഭയാർത്ഥി പ്രശ്നത്തിലുൾപ്പെടെ വേറിട്ട മുഖമായി നിന്ന ആംഗല മെർക്കലെന്ന ഉരുക്കു വനിതയുടെ പടിയിറക്കം രാജ്യത്ത് ചുവപ്പ് പടർത്തുമെന്ന സൂചനയാണ് ആദ്യ ദിവസങ്ങളിൽ തന്നെ ഷോൾസ് നൽകുന്നത്. ‘എല്ലുമുറിയെ പണിയെടുക്കുന്നവർക്ക് അവരുടെ അധ്വാനത്തിന്റെ കാൽശതമാനം അംഗീകാരമോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല’ ‑തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒലാഫ് ഷോൾസ് പറഞ്ഞ ഈ വാക്കുകളാണ് ലോകം മുഴുവൻ ജർമനിയിലേക്ക് ഉറ്റുനോക്കുന്നതിനുള്ള പ്രധാന കാരണം. തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഎസ് പര്യടനം നടത്തി ഡെമോക്രാറ്റുകൾക്ക് താഴെക്കിടയിലുള്ള സ്വാധീനം തിരിച്ചറിയാൻ ശ്രമിച്ചു. എന്തുകൊണ്ട് സാധാരണക്കാർക്കിടയിൽ ഡെമോക്രാറ്റുകളിൽ വിശ്വാസം നഷ്ടപ്പെടുന്നുവെന്ന് ആഴത്തിൽ പഠിച്ചു. പുസ്തകങ്ങൾ വായിച്ചും യാത്ര ചെയ്തും ജനങ്ങളോട് നേരിൽ സംവദിച്ചും ഡെമോക്രാറ്റുകൾ വരുത്തേണ്ട തിരുത്തുകൾ ഷോൾസ് മനസിലാക്കി. 2017ൽ നാലാമതും സോഷ്യൽ ഡെമോക്രാറ്റുകൾ പരാജയപ്പെട്ടപ്പോൾ പരാജയ കാരണം രാജ്യത്തിന് മുമ്പിൽ പ്രസിദ്ധീകരിച്ചാണ് അദ്ദേഹം തിരുത്ത് തുടങ്ങിയത്. തൊഴിലാളിവർഗത്തിന്റെ വിശ്വാസം തിരികെപ്പിടിക്കാൻ ഊർജിത ശ്രമങ്ങൾ വേണമെന്ന് പ്രവർത്തകരോട് ആവശ്യപ്പെട്ടു. സമൂഹത്തിലെ അസമത്വങ്ങളോടും അക്രമങ്ങളോടുമുള്ള പാർട്ടിയുടെ സമീപനം തിരുത്തണമെന്ന് ഷോൾസ് നിരന്തരം ആഹ്വാനം ചെയ്തു. 2003-05 കാലഘട്ടത്തിൽ പാർട്ടി ജനറൽ സെക്രട്ടറിയായിരിക്കെ തന്നെ ഒലാഫ് ഷോൾസ് ജനങ്ങളുടെ പ്രിയങ്കരനായി. സമൂഹത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങി. ആംഗെല മെർക്കൽ സർക്കാരിൽ ധനമന്ത്രിയായിരിക്കേ ഷോൾസിന് കോവിഡ് കാലം അദ്ദേഹത്തിന് പുതിയ പരിവേഷം നൽകി. മഹാമാരിയിൽ പ്രതിസന്ധിയിലായ ജനങ്ങളെ സഹായിക്കാൻ നടപ്പിലാക്കിയ ക്ഷേമ പദ്ധതികൾ വലിയ കയ്യടി നേടി. ഗ്രീൻസ്, എഫ്ഡിപി പാർട്ടികളും പുതിയ ഭരണസഖ്യത്തിലുണ്ട്. ഗ്രീൻസ് പാർട്ടി നേതാവ് റോബർട്ട് ഹാബെക്ക് ആണ് വൈസ് ചാൻസലറും കാലാവസ്ഥാ സംരക്ഷണ വകുപ്പ് മന്ത്രിയും. ഗ്രീൻസ് പാർട്ടിയുടെ തന്നെ നേതാവ് അന്നലെന ബയർബോക്ക് രാജ്യത്തിന്റെ ആദ്യ വനിതാ വിദേശകാര്യ മന്ത്രിയായി. എഫ്ഡിപി നേതാവ് ക്രിസ്റ്റ്യൻ ലിൻഡറാണ് ധനമന്ത്രി. ഇതേ പാർട്ടിയിലെ ക്രിസ്റ്റിനെ ലാംബ്രെഷ് ആണ് പ്രതിരോധമന്ത്രി. നാ‍ൻസി ഫേസർ, ക്ലാര ഗെവിറ്റ്സ്, അന്ന സ്പീഗൽ, സ്റ്റെഫി ലെംകെ, ബെറ്റിന സ്റ്റാർക് വാട്സിങ്കർ, സ്വെഞ്ച ഷുൾസ് എന്നിവരാണ് മറ്റ് വനിതാ മന്ത്രിമാർ.

Exit mobile version