Site iconSite icon Janayugom Online

റഷ്യ‑നാറ്റോ ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിനാണ് മുന്‍ഗണനയെന്ന് ജര്‍മ്മനി

germanygermany

മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കാവുന്ന, റഷ്യയുമായുള്ള നാറ്റോയുടെ നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിലാണ് മുന്‍ഗണനയെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്. ഉക്രെയ്‍ന് ആയുധങ്ങള്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട അഭിമുഖ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ഷോള്‍സ്. മറ്റ് പാശ്ചാത്യ സഖ്യകക്ഷികൾ ഉക്രെയ്‍നിലേക്കുള്ള ആയുധ കയറ്റുമതി വർധിപ്പിക്കുമ്പോഴും ടാങ്കുകളും ഹോവിസ്റ്ററുകളും പോലുള്ള ആയുധങ്ങള്‍ നല്‍കാനുള്ള ഒലാഫ് സര്‍ക്കാരിന്റെ വിമുഖതയ്ക്കെതിരെ രാജ്യത്തിനകത്തു നിന്നു തന്നെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉക്രെയ്‍ന് നല്‍കിയാല്‍ യുദ്ധത്തില്‍ ജര്‍മ്മനി പങ്കാളിയാണെന്ന ധാരണയുണ്ടാക്കും. അത് ചിലപ്പോള്‍ ആണവയുദ്ധത്തിലേക്ക് നയിച്ചേക്കാം. അതുകൊണ്ടാണ് ഒരോ നടപടിയിലും വളരെ ശ്രദ്ധയോടെ തീരുമാനമെടുക്കുന്നത്. വിമര്‍ശനങ്ങളില്‍ പ്രകോപിതനാകത്തതിനും കാരണങ്ങളുണ്ട്. തീരുമാനങ്ങളിലെ ചെറിയ പിഴവുപോലും ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും, ഷോള്‍ഫ് പറ‌ഞ്ഞു.
മാരകായുധങ്ങള്‍ നല്‍കാനാവാത്ത വിധം ജര്‍മ്മനിയുടെ ആയുധശേഖരണം ക്ഷയിച്ചെന്ന വസ്തുതയിലൂന്നിയ ഒലാഫ് ഷോള്‍ഫിന്റെ മുന്‍കാല പ്രസ്താവനകളില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴുള്ള വിശദീകരണം. റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി നിര്‍ത്തിവയ്ക്കേണ്ട ആവശ്യകതയുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഒലാഫ് പറഞ്ഞു.
ഇന്ധന ഉപരോധങ്ങള്‍ എങ്ങനെയാണ് യുദ്ധം അവസാനിപ്പിക്കുകയെന്ന് അറിയില്ല. സാമ്പത്തിക യുക്തിയില്‍ വ്ലാദിമിര്‍ പുടിന്‍ ചിന്തിച്ചിരുന്നെങ്കില്‍ ഈ യുദ്ധം അദ്ദേഹം ആരംഭിക്കില്ലായിരുന്നുവെന്നും ഷോള്‍സ് കൂട്ടിച്ചേര്‍ത്തു. റഷ്യയില്‍ നിന്നുള്ള ഇന്ധന ഉപരോധം ജര്‍മ്മനിക്ക് മാത്രമല്ല, യൂറോപ്പിനും ഉക്രെയ്‍നിന്റെ പുനർനിർമ്മാണത്തിനുള്ള ഭാവി ധനസഹായത്തിനും കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഷോൾസ് പറഞ്ഞു. 

Eng­lish Sum­ma­ry: Ger­many says avoid­ing Rus­sia-NATO con­fronta­tion is a priority

You may like this video also

Exit mobile version