മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് റോഡപകടങ്ങൾ വരുത്തുന്നത് തടയാൻ നടപടിയുമായി കേരള പൊലീസ്. ഡ്രൈവർമാർ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ ആൽക്കോ സ്‌കാൻ ബസ് സംവിധാനമുപയോഗിച്ച് ശാസ്ത്രീയമായി പരിശോധിച്ച് ഇനി നിയമ നടപടികൾ സ്വീകരിക്കും.
അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ആധുനിക ഉപകരണവും കിറ്റുമുപയോഗിച്ചായിരിക്കും പരിശോധന. ഡ്രൈവറെ ബസിനുള്ളിൽ കയറ്റി ഉമിനീർ പരിശോധിച്ചാണ് ലഹരിയുപയോഗം അറിയുക. അര മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം. പരിശോധനയ്ക്കുള്ള ആൽക്കോ സ്‌കാൻ ബസ് റോട്ടറി ക്ലബ്ബ് കേരളാ പൊലീസിന് കൈമാറി. ബസിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. റോട്ടറി ക്ലബ്ബിന്റെയും പൊലീസിന്റെയും സഹകരണ കൂട്ടായ്മയായ ‘റോപ്പ്’ പദ്ധതിക്ക് കീഴിലാണ് ബസ് കൈമാറിയത്. ലഹരി വിപത്ത് സമൂഹത്തെ വലിയ തോതിൽ ഗ്രസിച്ചിരിക്കയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി വലിയ തോതിൽ പ്രചരിക്കുന്നു. അതിന് ബോധപൂർവം ചിലർ ശ്രമിക്കുന്നുണ്ട്.
മാർച്ച് 31ന് മുമ്പ് ഇത്തരത്തിൽ 15 ആൽക്കോ സ്‌കാൻ ബസുകൾ കൂടി റോട്ടറി വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിന്റെ പൊതുനിരത്തുകളിൽ വാഹനം പറപ്പിക്കുന്ന ഡ്രൈവർമാരെ ഈ ബസുകൾ ഉപയോഗിച്ച് പരിശോധനകയ്ക്ക് വിധേയമാക്കും.
വിജിലൻസ് ഡയറക്ടർ എഡിജിപി മനോജ് എബ്രഹാം, ഡിജിപി അനിൽകാന്ത്, എഡിജിപികെ പത്മകുമാർ, റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ കെ ബാബുമോൻ, റോപ്പിന്റെ ചീഫ് കോർഡിനേറ്റർ സുരേഷ് മാത്യു, കെ ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.
English Summary: Getting caught driving under the influence of drugs; Police with inspection system
You may like this video also