Site iconSite icon Janayugom Online

‘ജിജി’ ഈശ്വരാംശമുള്ള സ്ത്രീത്വം; കവി കെ ആര്‍ ടോണി വിശദീകരിക്കുന്നു

‘ജിജി’ ഈശ്വരാംശമുള്ള സ്ത്രീത്വം തന്നെയെന്ന് കവി കെ ആര്‍ ടോണി. ജിജി എന്ന കവിതയെപ്പറ്റി സമൂഹ മാധ്യമങ്ങളിൽ ഉള്‍പ്പെടെ വിവിധതലങ്ങളില്‍ ചര്‍ച്ചകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ജനയുഗത്തോട് കവിയുടെ പ്രതികരണം. ഭാഷാപോഷിണിയില്‍ പ്രസിദ്ധപ്പെടുത്തിയ കവിതയില്‍, തൂണിലും തുരുമ്പിലും പുല്ലിലും പുഴുവിലുമുണ്ടെന്ന് പറയുന്ന ഈശ്വരന്‍ ജിജിയിലും ഉണ്ടെന്നും സര്‍വവ്യാപിയാണെന്നും പറയുന്നു. പക്ഷെ ജിജിമാരെ എല്ലാ മതസ്ഥാപനങ്ങളും മറ്റു സാമൂഹിക സംവിധാനങ്ങളും പാര്‍ശ്വവത്കരിക്കുകയോ ഇകഴ്ത്തുകയോ ആണ് ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ ഇകഴ്ത്തുന്ന മതസ്ഥാപനങ്ങളുടെ നിയന്ത്രണങ്ങളെ പൊട്ടിക്കുന്നതിന് ഇവിടുത്തെ സാമൂഹിക വ്യവസ്ഥയ്ക്കോ ഭരണകൂടത്തിനോ സാധിക്കുന്നില്ല. ഈ സ്ത്രീസ്വത്വത്തെ ബ്രഹ്മത്തിലേക്കും സര്‍വതലങ്ങളിലേക്കും സന്നിവേശിപ്പിക്കുകയാണ് ജിജിയെന്ന കവിതയുടെ ലക്ഷ്യമെന്ന് കവി വിശദീകരിക്കുന്നു. 

നിലവിലെ സാമൂഹ്യവ്യവസ്ഥിതികളെ എതിര്‍ക്കുന്ന രാഷ്ട്രീയവും കലഹവും ജിജിയിലുണ്ട്. അനാചാരത്തെപ്പറ്റിയും നാവോത്ഥാനത്തെപ്പറ്റിയുമെല്ലാം പ്രസംഗവും എഴുത്തുമുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ പ്രായോഗികമാകുന്നില്ലെന്നും കെ ആര്‍ ടോണി പറഞ്ഞു.” ഇന്നലെ ചെയ്തൊരബദ്ധം മൂഢര്‍ക്കിന്നത്തെ ആചാരമാകാം, നാളത്തെ ശാസ്ത്രമതാകാം”… കുമാരനാശന്റെ ചണ്ഡാല ഭിക്ഷുകിയിലെ ഈ വരികളെല്ലാം പല സ്ഥലത്തും ഉദ്ധരിക്കുമെങ്കിലും ഒന്നും നടക്കില്ലെന്ന് മാത്രം. എല്ലായിടത്തും ആദര്‍ശം പറയുകയും സാമൂഹിക ജീവിതം നേരെ വിരുദ്ധമാകുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. മത വര്‍ഗീയത രാജ്യത്തിന്റെ എല്ലാ മേഖലകളിലും ശക്തമായിക്കൊണ്ടിരിക്കുന്ന കാഴ്ച ഭയാനകമാണ്. ഇത്തരം സാഹചര്യത്തില്‍ പൊളിറ്റിക്കലായ ജിജി പോലുള്ള കവിതയ്ക്ക് സ്ഥാനമുണ്ടെന്നാണ് കരുതുന്നതെന്നും കെ ആര്‍ ടോണി പറഞ്ഞു. 

Exit mobile version