മുപ്പത് മിനിട്ടില്‍ 157 വിഭവങ്ങള്‍ തയ്യാറാക്കി ജിജി നടന്നുകയറിയത് റെക്കോര്‍ഡിലേയ്ക്ക്. നെഹ്റുട്രോഫി സ്റ്റാർട്ടിംഗ് പോയിന്റിന് സമീപം വീട്ടിലെ ഹോം സ്റ്റേയിൽ അതിഥികളായെത്തുന്ന നാൽപ്പതോളം പേർക്ക് നിത്യേന പാചകം ചെയ്തുള്ള പരിചയം കൈമുതലാക്കിയാണ് ജിജി സിബിച്ചൻ (41) റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയത്. തത്തംപള്ളി മേരാ മൻ ഹോം സ്റ്റേയിൽ കഴിഞ്ഞദിവസം ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ് അധികൃതർക്ക് മുമ്പാകെ അര മണിക്കൂർ കൊണ്ട് ജിജി തയാറാക്കിയത് 157 വിഭവങ്ങളാണ്.
നാടൻ പുട്ടും, ഇഡലിയും തുടങ്ങി ജ്യൂസ്, ഷേക്ക്, ഉണ്ണിയപ്പം, കൊഴുക്കട്ട, പച്ചക്കറി വിഭവങ്ങൾ, പഴ വിഭവങ്ങൾ, ഇറച്ചിയും മീനും ഉപയോഗിച്ചുള്ള വിവിധ തരം വിഭവങ്ങൾ വരെ ഞൊടിയിടയിൽ തയ്യാറായി. കഴിഞ്ഞ ഏഴ് മാസത്തെ നിരന്തര പരിശീലനത്തിനൊടുവിലായിരുന്നു മത്സരം. ചേർത്തല ഷാരോൺ പബ്ലിക്കേഷൻസിന് വേണ്ടി 13 പാചക പുസ്തകങ്ങൾ രചിച്ചിട്ടുള്ള ജിജി എഫ് എം പാചക ഷോകളിലും, വിവിധ പാചക മത്സരങ്ങളിലും സ്ഥിരം സാന്നിദ്ധ്യമാണ്. മത്സര വേദിയിൽ തന്നെ ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ് അധികൃതർ പുരസ്ക്കാരം കൈമാറി. ഭർത്താവ് സിബിച്ചനും മക്കളായ ജയ്സൺ, സാൻവേവ്, അഭിയ എന്നിവരും സഹോദരങ്ങളും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.