Site iconSite icon Janayugom Online

മഹാരാഷ്ട്രയില്‍ ഗില്ലന്‍ബാരി സിന്‍ഡ്രോം പടരുന്നു; 101 രോഗബാധിതര്‍, ഒരു മരണം

മഹാരാഷ്ട്രയില്‍ ഗില്ലന്‍ബാരി സിന്‍ഡ്രോം പടരുന്നതായി റിപ്പോര്‍ട്ട്. രോഗബാധിതരുടെ എണ്ണം 101 ആയി ഉയര്‍ന്നു. ഇതില്‍ 68 പുരുഷന്മാരും 33 സ്ത്രീകളും ഉള്‍പ്പെടുന്നു. 16 പേര്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. രോഗം ബാധിച്ച് സോളാപൂരില്‍ ഒരാള്‍ മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
പൂനെ മുനിസിപ്പാലിറ്റി, പിംപ്രി-ചിഞ്ച് വാഡ് മേഖലകളിലാണ് രോഗം പ്രധാനമായും പടരുന്നത്. 95 കേസുകളാണ് ഈ മേഖലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സോളാപൂര്‍ സ്വദേശിയായ ഇയാള്‍ പൂനെയില്‍ വന്നിരുന്നു, അവിടെ വെച്ചാണ് അദ്ദേഹത്തിന് രോഗം ബാധിച്ചതെന്നാണ് വിവരം.

ബാക്ടീരിയ, വൈറല്‍ അണുബാധകളാണ് ജിബിഎസിലേക്ക് നയിക്കുന്നത്. രോഗബാധ രോഗികളുടെ പ്രതിരോധശേഷി നശിപ്പിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പെട്ടെന്നുള്ള മരവിപ്പ്, പേശി ബലഹീനത, തളര്‍ച്ച, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. നാഡികളെ ബാധിക്കുന്ന രോഗം മൂലം ശരീരം തളരുന്നതു വരെ സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

രോഗം ബാധിച്ചവരില്‍ ഇരുപതോളം പേര്‍ പത്തു വയസ്സില്‍ താഴെയാണ്. 50നും 80നും ഇടയില്‍ പ്രായമുള്ള 23 കേസുകളും സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗപ്പകര്‍ച്ച കണക്കിലെടുത്ത് രോഗബാധ വ്യാപകമായി കണ്ടുവരുന്ന പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

അതേസമയം ചികിത്സാ ചെലവാണ് ഏറെ വെല്ലുവിളിയുര്‍ത്തുന്നത്. രോഗികള്‍ക്ക് സാധാരണയായി ഇമ്യൂണോഗ്ലോബുലിന്‍ (ഐവിഐജി) കുത്തിവയ്പ്പുകള്‍ ആവശ്യമായി വരും. ഒരു കുത്തിവെയ്പിന് 20,000 രൂപയോളം വേണ്ടിവരും. ചികിത്സാ ചെലവ് സംബന്ധിച്ച് അധികൃതരുമായി ചര്‍ച്ച നടത്തിയെന്നും, ജിബിഎസ് രോഗികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു.

Exit mobile version