Site iconSite icon Janayugom Online

ഗില്ലിന്റെ പരാതി പരിഗണിച്ചു; ഡ്യൂക്സ് ബോള്‍ പരിശോധനയ്ക്ക്

ഇന്ത്യ‑ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഉപയോഗിക്കുന്ന ഡ്യൂക്സ് ബോളിന്റെ ഗുണനിലവാരം പരിശോധിക്കുമെന്ന് നിര്‍മ്മാതാക്കളായ ബ്രിട്ടീഷ് ക്രിക്കറ്റ് ബോള്‍സ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലടക്കമുള്ളവര്‍ പരാതികള്‍ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് പന്ത് പുനഃപരിശോധന നടത്താനൊരുങ്ങുന്നത്. പന്ത് വേഗത്തില്‍ മൃദുവാകുന്നുവെന്നും ആകൃതി മാറുന്നുവെന്നുമുള്ള പരാതികളാണ് ഉയര്‍ന്നത്. ഇതോടെയാണ് മത്സരത്തിനുപയോഗിച്ച പന്തുകളെല്ലാം ശേഖരിച്ച് പരമ്പരയ്ക്കുശേഷം വിശദമായ പരിശോധന നടത്തുമെന്ന് ഡ്യൂക്സ് ക്രിക്കറ്റ് ബോൾ നിർമ്മാണക്കമ്പനി ഉടമ ദിലീപ് ജജോദിയ അറിയിച്ചത്. 10 ഓവര്‍ മാത്രമെറിഞ്ഞ ന്യൂബോള്‍ പോലും തിളക്കം പെട്ടെന്ന് നഷ്ടമായി ബാറ്റിങ് അനായാസമാക്കുകയും ബൗളര്‍മാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം ഇല്ലാതാക്കുകയും ചെയ്തതോടെ പന്ത് മാറ്റേണ്ടിവരികയും ചെയ്തിരുന്നു. 

ലോര്‍ഡ്സ് ടെസ്റ്റിന്റെ രണ്ടാം ദിനം രണ്ടാം ന്യൂബോളില്‍ ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. എന്നാല്‍ പത്തോവറിന് ശേഷം പന്ത് മാറ്റിയതോടെ ഇംഗ്ലണ്ടിന് അനുകൂലമായി സാഹചര്യങ്ങളൊരുങ്ങി. അമ്പയർ മറ്റൊരു പന്ത് നൽകിയെങ്കിലും ആ പന്തിന്റെ നിലവാരത്തെക്കുറിച്ചും ഇന്ത്യൻ ടീമംഗങ്ങളും അമ്പയർമാരും തമ്മിൽ തർക്കമുണ്ടായി. മത്സരഫലത്തെയും ഇത് ബാധിച്ചിരുന്നു. പന്തിന്റെ ആകൃതി മാറുന്നതായി ഇംഗ്ലണ്ട് ടീമും പരാതിപ്പെട്ടിരുന്നു. പന്തിന്റെ തിളക്കം നഷ്ടമാകുന്ന കാര്യമുള്‍പ്പെടെ എല്ലാം അടിയന്തരമായി പരിശോധിക്കുമെന്ന് ഡ്യൂക്സ് ക്രിക്കറ്റ് ബോള്‍ നിര്‍മ്മാണ കമ്പനി പറഞ്ഞു. 

Exit mobile version