Site icon Janayugom Online

വിലവര്‍ധന; തക്കാളിയുടെ വഴിയേ ഇഞ്ചി, പച്ചമുളക്

തക്കാളിയുടെ വിലവര്‍ധനക്ക് ശേഷം കോളിഫ്ലവര്‍, ഇഞ്ചി, പച്ചമുളക് എന്നിവയുടെ വിലവര്‍ധനയും കുടുംബ ബജറ്റുകളെ താളം തെറ്റിക്കുന്നു. ഡല്‍ഹിയില്‍ തക്കാളിക്ക് കിലോക്ക് 145 രുപയും കോളിഫ്ലവറിന് 80 രുപയും ഇഞ്ചിക്ക് 380 രുപയും പച്ചമുളകിന് 170 രൂപയുമാണ് വില. ഉഷ്ണതരംഗം, കനത്ത മഴ, വിതരണ ശൃംഖലയിലെ പ്രശ്നങ്ങള്‍ എന്നിവയാണ് കനത്ത വില വര്‍ധനക്ക് കാരണം. 

രാജ്യത്തെ പണപ്പെരുപ്പം കുറയുമെന്ന പ്രതിക്ഷ നിലനില്‍ക്കെയാണ് പച്ചക്കറി വിലവര്‍ധന സാധാരണക്കാരന്റെ നടുവൊടിക്കുന്നത്. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രില്‍ മാസത്തില്‍ 4.7 ശതമാനമായിരുന്നെങ്കില്‍ മേയില്‍ 4.25 ശതമാനമായി കുറഞ്ഞിരുന്നു. 

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കിലോക്ക് 20 രൂപയായിരുന്ന സാധനങ്ങള്‍ക്ക് ഇന്ന് ഇരട്ടിയിലേറെ വില നല്‍കേണ്ടി വരുന്നതായും തക്കാളിക്കാണ് ഏറ്റവും വിലയെന്നും ഡല്‍ഹിയിലെ ഒരു ഉപഭോക്താവ് പറഞ്ഞു. ഏതാനും മാസം മുന്‍പ് കിലോഗ്രാമിന് 50 പൈസ പോലും കിട്ടാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ തക്കാളി റോഡില്‍ ഉപേക്ഷിച്ച അവസ്ഥയില്‍ നിന്നാണ് ഇപ്പോള്‍ കിലോഗ്രാമിന്റെ വില 100 മുതല്‍ 150 രൂപ വരെയായി കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിച്ചത്. അതിനിടെ കര്‍ണാടകയില്‍ ഒരു കൃഷിത്തോട്ടത്തില്‍ നിന്ന് 2.5ലക്ഷം രുപ വിലവരുന്ന തക്കാളി മോഷണം പോയത് വാര്‍ത്തയായിരുന്നു.

Eng­lish Summary:Ginger and green chill­ies along with tomatoes
You may also like this video

Exit mobile version