അരൂർ‑തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണുണ്ടായ അപകടത്തിൽ മരിച്ച ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും. കരാർ കമ്പനി ഇന്ന് തന്നെ 2 ലക്ഷം രൂപ അടിയന്തരമായി കൈമാറും. ബാക്കിത്തുക പിന്നീട് നൽകുമെന്നാണ് വിവരം. കൂടാതെ, സി എം ഡി ആർ എഫിൽ നിന്ന് 4 ലക്ഷം രൂപ കൂടി കൈമാറുമെന്ന് ആലപ്പുഴ ജില്ലാകളക്ടർ അറിയിച്ചു.
പുലർച്ചെ മൂന്ന് മണിയോടെയാണ് ചന്തിരൂർ ഭാഗത്ത് അപകടമുണ്ടായത്. മുട്ടയുമായി എറണാകുളം ഭാഗത്ത് നിന്നും ആലപ്പുഴയിലേക്ക് പോയ രാജേഷിന്റെ പിക്കപ്പ് വാനിലേക്ക് ഗർഡറുകൾ വീഴുകയായിരുന്നു. മൂന്നരമണിക്കൂറിന് ശേഷം വാഹനം പൊളിച്ചാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ കളക്ടർ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. അപകടത്തിൻ്റെ കാരണം വിശദമായി പരിശോധിക്കുമെന്നും ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ തുടർനടപടികളും സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. ദേശീയപാത നിർമാണത്തിന്റെ കരാർ കമ്പനിക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും ഇതു സംബന്ധിച്ച് ശക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം എന്നും അതിനായി ആവശ്യമായ എല്ലാ നടപടികളും ഉറപ്പാക്കുമെന്നും കളക്ടർ സ്ഥലം സന്ദർശിച്ച ശേഷം പ്രതികരിച്ചു.

