മാനസിക വെല്ലുവിളി നേരിടുന്ന യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതിനെത്തുടർന്ന് അസമിലെ കൊക്രജാർ ജില്ലയിൽ സംഘർഷാവസ്ഥ. ശനിയാഴ്ച പത്തരുഘട്ടിന് സമീപം നടന്ന ദാരുണമായ സംഭവത്തിന് പിന്നാലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വർഗീയ ചേരിതിരിവും പ്രതിഷേധങ്ങളും റിപ്പോർട്ട് ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഭരണകൂടം ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. പൊലീസ് നൽകുന്ന വിവരമനുസരിച്ച്, റോഡരികിൽ അലഞ്ഞുതിരിയുകയായിരുന്ന യുവതിയെ പ്രതിയായ റഫീക്കുൽ ഇസ്ലാം പ്രലോഭിപ്പിച്ച് ലേബർ ക്യാമ്പിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ധുബ്രി ജില്ലക്കാരനായ പ്രതിയെ ശനിയാഴ്ച രാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കുറ്റകൃത്യം ഒതുക്കിത്തീർക്കാൻ ചില പ്രാദേശിക സ്വാധീനശക്തികൾ ശ്രമിച്ചുവെന്ന ആരോപണം ഉയർന്നതോടെയാണ് പ്രതിഷേധം ശക്തമായത്.
അതിനിടെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പൊലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച റഫീക്കുൽ ഇസ്‌ലാമിനെ വെടിവച്ച് വീഴ്ത്തിയതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ പ്രതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) 12 മണിക്കൂർ ബന്ദ് നടത്തി. ബന്ദിനെത്തുടർന്ന് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളും മാർക്കറ്റുകളും പൂർണ്ണമായും അടഞ്ഞുകിടന്നു. സ്ഥിതിഗതികൾ ശാന്തമാക്കാൻ കൊക്രജാർ ജില്ലാ ഭരണകൂടം അടിയന്തരമായി സമാധാന യോഗം വിളിച്ചുചേർത്തു. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ജില്ലാ കളക്ടർ പങ്കജ് ചക്രവർത്തി അറിയിച്ചു.

