കഴിഞ്ഞ മത്സരത്തിലെ തോല്‍വിയുടെ ക്ഷീണം മാറ്റി റയല്‍ മാഡ്രിഡ്. എവേ പോരാട്ടത്തില്‍ ജിറോണയ്ക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോള്‍ വിജയമാണ് റയല്‍ നേടിയത്. ജയത്തോടെ സ്പാനിഷ് ലാലിഗയില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയുമായി പോയിന്റ് വ്യത്യാസം കുറച്ചു.
36-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഹാമാണ് ആദ്യ ഗോള്‍ നേടുന്നത്. ആദ്യപകുതി ഈ ഗോളിന്റെ ലീഡില്‍ റയല്‍ മുന്നിട്ടുനിന്നു. 55-ാം മിനിറ്റില്‍ അര്‍ഡ ഗുലര്‍ ഗോള്‍ ഇരട്ടിയാക്കി. തുടരെ രണ്ട് മത്സരങ്ങളില്‍ പെനാല്‍റ്റി നഷ്ടമാക്കിയ കിലിയന്‍ എംബാപ്പ ഇത്തവണ പ്രായശ്ചിത്തം ചെയ്തു. 62-ാം മിനിറ്റില്‍ എംബാപ്പെ കൂടി ഗോള്‍ നേടിയതോടെ റയല്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ ബാഴ്സലോണ റയല്‍ ബെറ്റിസിനോട് സമനില വഴങ്ങി. മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. 39-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയിലൂടെ ബാഴ്സയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ റയല്‍ ബെറ്റിസ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 68-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി റയല്‍ ബെറ്റിസ് മുതലാക്കി. ഇതോടെ സ്കോര്‍ സമനിലയായി. 82-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് വീണ്ടും ഗോള്‍ നേടി ലീഡുയര്‍ത്തിയപ്പോള്‍ ബാഴ്സയ്ക്ക് വിജയപ്രതീക്ഷ ഉടലെടുത്തു. എന്നാല്‍ ബാഴ്സയെ ഞെട്ടിച്ച് ഇഞ്ചുറി സമയത്ത് റയല്‍ ബെറ്റിസ് സമനില കണ്ടെത്തുകയായിരുന്നു.
ലീഗില്‍ 17 മത്സരങ്ങളില്‍ നിന്ന് 38 പോയിന്റാണ് ബാഴ്സയ്ക്കുള്ളത്. ഒരു മത്സരം കുറവ് കളിച്ച റയല്‍ മാഡ്രിഡ് 36 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. അതേസമയം റയല്‍ ബെറ്റിസ് 11-ാമതാണ്.