അഞ്ച് വര്‍ഷത്തെ അതിസൂക്ഷ്മ പ്രയത്നത്തിനൊടുവില്‍ ജയദേവകവികളുടെ പ്രസിദ്ധമായ ഗീതഗോവിന്ദത്തിന്‍റെ കഥക് നൃത്താവിഷ്കാരം സമ്പൂര്‍ണ ഡിജിറ്റല്‍ രൂപത്തില്‍ തയ്യാറായി. ഏതെങ്കിലുമൊരു നൃത്ത രൂപത്തില്‍ ഗീതഗോവിന്ദം സമ്പൂര്‍ണമായി ഡിജിറ്റല്‍ രൂപത്തില്‍ തയ്യാറാവുന്നത് ഇതാദ്യമാണ്.
കഥക് ഗുരു ഡോ. പാലി ചന്ദ്രയും കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 200 ഓളം പേരടങ്ങുന്ന നാട്യസൂത്ര‑ഇന്‍വിസ് സംഘവും ചേര്‍ന്ന് ആയിരത്തിലധികം ദിവസങ്ങളെടുത്താണ് ഈ ഉദ്യമം പൂര്‍ത്തിയാക്കിയത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജയദേവ കവികള്‍ എഴുതിയ ഗീതഗോവിന്ദത്തില്‍ 24 ഗീതങ്ങളാണുള്ളത്. ശ്രീകൃഷ്ണനും രാധയും സഖിമാരുമൊത്ത് യമുനാതീരത്ത് നടത്തിയ രാസക്രീഡയെ പ്രതിപാദിക്കുന്നതാണ് ഈ കൃതി. 24 ഗീതങ്ങളുടെയും മുഴുവന്‍ വരികളും പൂര്‍ണമായി നൃത്തരൂപത്തിലാക്കി എന്നതും പ്രത്യേകതയാണ്.
ലോകത്തെമ്പാടുമുള്ള നൃത്താസ്വാദകര്‍ക്ക് ഈ ഡിജിറ്റല്‍ ഉള്ളടക്കം ലഭിക്കും. നാട്യസൂത്രഓണ്‍ലൈനിന്‍റെ സബ്സ്ക്രൈബര്‍മാര്‍ക്ക് ഒന്നു മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും ഇത് ലഭിക്കുന്ന വിധത്തിലാണ് ക്രമീകരണം.
പ്രൊഫഷണല്‍ നര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, സാംസ്ക്കാരിക കുതുകികള്‍ എന്നിവരാകും ഇതിന്‍റെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്ന് സ്വിറ്റ്സര്‍ലാന്‍റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. പാലി ചന്ദ്ര പറഞ്ഞു. കഥക്കിലെ ഇതിഹാസങ്ങളായ ഗുരു വിക്രമസിംഗിന്‍റെയും ഗുരു കപില രാജിന്‍റെയും ശിഷ്യയാണ് ഡോ. പാലി. ലഖ്നൗവില്‍ ജനിച്ച ഡോ. കപില കഥക്കിന്‍റെ ലോക അമ്പാസിഡറായാണ് കണക്കാക്കുന്നത്.
നാട്യശാസ്ത്രവും അഭിനയ ദര്‍പണവും അടിസ്ഥമാക്കിയാണ് ഈ ഉദ്യമം ചിട്ടപ്പെടുത്തിയത്. അതിനാല്‍ ഏത് നാട്യശാഖയില്‍ നിന്നുള്ളവര്‍ക്കും ഇത് എളുപ്പത്തില്‍ മനസിലാക്കാനാകും. കൃതിയുടെ എല്ലാവശങ്ങളും ഈ വ്യാഖ്യാനത്തിലൂടെ മനസിലാക്കാം. ഗീതം രചിക്കാനായി അഷ്ടപദിയാണ് ജയദേവ കവികള്‍ അവലംബിച്ചിട്ടുള്ളത്. അധ്യയനത്തിന്‍റെ ഘടനയിലാണ് ഇത് ഒരുക്കിയത്. നൃത്തത്തിന്‍റെ നുറുങ്ങുകള്‍, ഉദാഹരണങ്ങള്‍, ഗീതത്തിന്‍റെ പ്രകടനം എന്നിവയും ഇതിലുണ്ട്. വേദികളിലും നവമാധ്യമങ്ങളിലും നൃത്തം അവതരിപ്പിക്കേണ്ട രീതികളും ഗുരു പാലി ചന്ദ്ര ഇതിലൂടെ മുന്നോട്ടു വയ്ക്കുന്നു. നൃത്തത്തിന്‍റെ സങ്കീര്‍ണതകള്‍ക്കൊപ്പം സംഗീതരചന, നൃത്തവ്യുല്‍പത്തി എന്നിവയെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നുണ്ട്.
സംസ്കൃതത്തിലാണ് നൃത്തരൂപം ചിട്ടപ്പെടുത്തിയതെങ്കിലും സാര്‍വദേശീയമായി മനസിലാക്കുന്നതിന് ഇംഗ്ലീഷ് അടിക്കുറിപ്പുകളും നല്‍കിയിട്ടുണ്ട്. കാവ്യത്തിന്‍റെ പദാനുപദ അര്‍ഥം പ്രത്യേകമായി തന്നെ കൊടുത്തിരിക്കുന്നു. വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് അത് വലിയ അനുഗ്രഹമാകും. ഗീതാഗോവിന്ദത്തിന്‍റെ അന്തസ്സത്ത ഇംഗ്ലീഷിലുള്ള വിവരണത്തിന്‍റെ സഹായത്തോടെ അഭിനയത്തിലൂടെ ഡോ. പാലി ചന്ദ്ര അവതരിപ്പിക്കുന്നുണ്ട്. അധ്യയനത്തിലും വിശദീകരണത്തിലും പ്രദര്‍ശനത്തിലുമെല്ലാം ഇംഗ്ലീഷാണ് അടിസ്ഥാനമാക്കിയിട്ടുള്ളത്. സംസ്കൃത ശ്ലോകങ്ങളുടെ അര്‍ഥവും ഇംഗ്ലീഷില്‍ നല്‍കിയിട്ടുണ്ട്.
ഗീതാഗോവിന്ദത്തിന്‍റെ ഇ‑ബുക്ക്, കോഫി ടെബിള്‍ ബുക്ക്, ചുവര്‍ച്ചിത്രങ്ങള്‍, അലങ്കാര ചിത്രങ്ങള്‍, പരമ്പരാഗത കരകൗശലവസ്തുക്കള്‍ എന്നിവ കൂടി നാട്യസൂത്ര ഉടന്‍ ഒരുക്കും. എട്ടു നൂറ്റാണ്ട് മുമ്പ് രചിക്കപ്പെട്ടതാണെങ്കിലും ഗീതാഗോവിന്ദത്തിന്‍റെ കൃതിയിലടങ്ങിയിട്ടുള്ള വേദന, ആഗ്രഹം, നിറഞ്ഞ മനസ് എന്നിവ ഇന്നും അനുഭവിക്കാമെന്ന് ഡോ. പാലി ചന്ദ്ര പറഞ്ഞു. ജീവിതം, വിശ്വാസം, പ്രേമം എന്നിവയുടെ മൂര്‍ത്തീഭാവമായാണ് രാധാകൃഷ്ണ പ്രണയം അനശ്വരമാക്കപ്പെടുന്നത്. സംഗീതത്തിന്‍റെയും നൃത്തത്തിന്‍റെയും അപ്പുറത്തുള്ള ലോകത്തില്‍ ഗീതാഗോവിന്ദത്തിനുള്ള സ്വാധീനം വളരെ വലുതാണ്. അതു കൊണ്ട് തന്നെ സമ്പൂര്‍ണ ഡിജിറ്റല്‍ വത്കരണം എന്ന ഈ ഉദ്യമം ഭാവി തലമുറയ്ക്ക മുതല്‍ക്കൂട്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്- www.natyasutraonline.com/gita-govinda
English Summary: Kathak dance performance of Geetha Govinda
You may also like this video