2022 ലെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്. ഹിന്ദി സാഹിത്യകാരിയായ ഗീതാഞ്ജലി ശ്രീയുടെ ‘രേത് സമാധി’ എന്ന ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ‘ടോംബ് ഓഫ് സാന്‍ഡ്’ ആണ് പുരസ്കാരത്തിന് അര്‍ഹമായത്. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഹിന്ദിയിലുള്ള ഒരു കൃതിയുടെ പരിഭാഷയ്ക്ക് ഇതാദ്യമായാണ് ബുക്കര്‍ പുരസ്കാരം ലഭിക്കുന്നത്. അമേരിക്കന്‍ വംശജയായ ഡെയ്‌സി റോക്ക്‌വെല്‍ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. സമ്മാനത്തുകയായ 50,000 യൂറോ(41.6 ലക്ഷം രൂപ) ഗീതാഞ്ജലി ശ്രീയും ഡെയ്‌സി റോക്ക്‌വെല്ലും പങ്കിടും.
ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയാണ് അറുപത്തിനാലുകാരിയായ ഗീതാഞ്ജലി ശ്രീ. ഇതുവരെ നാല് നോവലുകളും ഒട്ടേറെ കഥകളും എഴുതിയിട്ടുണ്ട്. ഭർത്താവിന്റെ മരണശേഷം കടുത്ത വിഷാദം അനുഭവിക്കുന്ന 80 വയസ്സുള്ള ഒരു സ്ത്രീയുടെ കഥയാണ് ടോംബ് ഓഫ് സാന്‍ഡ് പറയുന്നത്. ഒടുവിൽ, അവൾ തന്റെ വിഷാദം തരണംചെയ്ത് വിഭജനകാലത്ത് ഉപേക്ഷിച്ച ഓര്‍മ്മകളെ പുതുക്കുന്നതിനായി പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയാണ്.
ടോംബ് ഓഫ് സാന്‍ഡിനൊപ്പം ബോറ ചുംഗിന്റെ ‘കേസ്ഡ് ബണ്ണി’, ജോണ്‍ ഫോസ്സിന്റെ ‘എ ന്യൂ നെയിം: സെപ്‌റ്റോളജി ആറ്, ഏഴ്’, മൈക്കോ കവാകാമിയുടെ ഹെവന്‍, ക്ലോഡിയ പിയോറോയുടെ ‘എലീന നോസ്’, ഓള്‍ഗ ടോകാര്‍സുക്കിന്റെ ‘ദ ബുക്‌സ് ഓഫ് ജേക്കബ്’ എന്നിവയാണ് അവസാന റൗണ്ടില്‍ മത്സരത്തിനുണ്ടായിരുന്ന മറ്റ് പുസ്തകങ്ങള്‍. ഒരിക്കലും ബുക്കര്‍ പുരസ്കാരം സ്വപ്നം കണ്ടിരുന്നില്ലെന്നും വലിയ അംഗീകാരത്തില്‍ അതിയായ സന്തോഷമുണ്ടെന്നും ഗീതാഞ്ജലി ശ്രീ പ്രതികരിച്ചു.
English Summary: Gitanjali Sreek Booker Prize
You may like this video also