ഇലോൺ മസ്കിന്റെ കുഞ്ഞിന് ജന്മം നൽകിയെന്ന അവകാശവാദവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. ആഷ്ലി സെൻ്റ് ക്ലെയർ എന്ന യുവതിയാണ് അവകാശവാദവുമായി രംഗത്ത് എത്തിയത്. എക്സിലൂടെയായിരുന്നു മസ്കിന്റെ കുഞ്ഞിന് ജന്മം നൽകിയെന്ന വിവരം ആഷ്ലി വെളിപ്പെടുത്തിയത്. തീവ്ര വലതുപക്ഷ ബന്ധങ്ങൾക്കും വിവാദ അഭിപ്രായങ്ങൾക്കും പേരുകേട്ട 31കാരിയായ ആഷ്‌ലി സെൻ്റ് ക്ലെയർ വാലൻ്റൈൻസ് ദിനത്തിലാണ് എക്സിലൂടെ തുറന്നുപറച്ചില്‍ നടത്തിയത്.
“അഞ്ച് മാസം മുമ്പ്, ഞാൻ ഒരു പുതിയ കുഞ്ഞിനെ ലോകത്തിലേക്ക് സ്വാഗതം ചെയ്തു. ഇലോൺ മസ്‌ക് പിതാവാണ്,”ആഷ്‌ലി സെൻ്റ് ക്ലെയർ എക്സ് കുറിച്ചു,”ഞങ്ങളുടെ കുട്ടിയുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഞാൻ മുമ്പ് ഇത് വെളിപ്പെടുത്തിയിട്ടില്ല, ഇത് പരിഗണിക്കാതെ മാധ്യമങ്ങൾ ഇക്കാര്യം പുറത്തുവിടാൻ ഉദ്ദേശിക്കുന്നുവെന്ന് അടുത്ത ദിവസങ്ങളിൽ വ്യക്തമായി” എക്സ് പോസ്റ്റിൽ പറയുന്നു. തങ്ങളുടെ കുട്ടിയെ സാധാരണവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ വളരാൻ അനുവദിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഇക്കാരണത്താൽ,മാധ്യമങ്ങൾ ഞങ്ങളുടെ കുട്ടിയുടെ സ്വകാര്യതയെ മാനിക്കണമെന്നും അവർ കുറിപ്പിൽ കൂട്ടിച്ചേർത്തു.