Site iconSite icon Janayugom Online

ക്രിസ്തുമതം സ്വീകരിച്ച വ്യക്തിക്ക് പട്ടികജാതി പദവി നല്‍കുന്നത് ഭരണഘടനയോടുള്ള വഞ്ചന; മദ്രാസ് ഹൈക്കോടതി

ക്രിസ്തുമതം സ്വീകരിച്ച വ്യക്തിക്ക് പട്ടികജാതി സാമുദായിക പദവി നൽകുന്നത് ഭരണഘടനയോടുള്ള വഞ്ചനയാണെന്ന് മദ്രാസ് ഹൈക്കോടതി. പട്ടികജാതി സംവരണ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട കന്യാകുമാരി തെരൂര്‍ പഞ്ചായത്തിലെ വനിതാ ചെയര്‍പേഴ്സണെ അയോഗ്യയാക്കിയ വിധിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. സ്വമേധയാ ക്രിസ്തുമതം സ്വീകരിച്ചതിനാൽ, പ്രതിഭാഗത്തിന് പട്ടികജാതിക്കാരനാണെന്ന് അവകാശപ്പെടാൻ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. എഐഎഡിഎംകെ പ്രതിനിധിയായ അമുദ റാണിക്കെതിരെ മറ്റൊരു അംഗമായ വി ഇയ്യപ്പന്‍ ആണ് കോടതിയെ സമീപിച്ചത്.

ഹിന്ദുമതം, സിഖ് മതം, ബുദ്ധമതം എന്നിവയല്ലാതെ മറ്റേതെങ്കിലും മതത്തിലേക്ക് ഒരാൾ ഒരിക്കൽ പരിവർത്തനം ചെയ്തുകഴിഞ്ഞാൽ, പട്ടികജാതി സമൂഹത്തിന് നൽകുന്ന സംവരണത്തിന്റെ ആനുകൂല്യങ്ങൾ അവകാശപ്പെടാൻ കഴിയില്ലെന്നായിരുന്നു ഹർജിക്കാരൻറെ വാദം. അമുദ റാണി പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളാണെങ്കിലും 2005ല്‍ വിവാഹസമയത്ത് അവർ ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു. 1872‑ലെ ഇന്ത്യൻ ക്രിസ്ത്യൻ വിവാഹ നിയമം പ്രകാരം, വിവാഹം നടന്നുകഴിഞ്ഞാൽ അവർക്ക് പിന്നീട് ഹിന്ദുവാണെന്ന് അവകാശപ്പെടാൻ കഴിയില്ല. 2022ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പട്ടികജാതി സംവരണ സീറ്റില്‍ നിന്നായിരുന്നു വി അമുദ റാണി കന്യാകുമാരി തെരൂര്‍ പഞ്ചായത്തംഗമായത്. ഇവരെ പഞ്ചായത്ത് ചെയര്‍പേഴ്സണായി തെരഞ്ഞെടുത്തതിന് എതിരെ 2023ല്‍ ആണ് വി ഇയ്യപ്പന്‍ കോടതിയെ സമീപിച്ചത്.

Exit mobile version