ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജികെപിഎ) കുവൈത്ത് ചാപ്റ്റർ മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് പ്രവാസികൾക്ക് വലിയ ആശ്വാസമായി. സാൽമിയ ബ്ലോക്ക്-3 ലെ മെട്രോ മെഡിക്കൽ കെയർ ക്ലിനിക്കിൽ നടന്ന ക്യാമ്പിൽ മുന്നൂറിലധികം മലയാളികളും അന്യസംസ്ഥാനക്കാരായ പ്രവാസികളും പങ്കെടുത്തു.
അടിസ്ഥാന ആരോഗ്യ പരിശോധനകൾക്ക് പുറമെ വിദഗ്ധ ഡോക്ടർമാരുടെ സേവനവും സൗജന്യ നേത്ര പരിശോധനയും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു. പ്രവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തി കൃത്യമായ ചികിത്സാ നിർദേശങ്ങളും ക്യാമ്പിൽ നൽകി.
ജനറൽ സെക്രട്ടറി ബിനു യോഹന്നാൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് ജസ്റ്റിൻ പി. ജോസ് അധ്യക്ഷത വഹിച്ചു. ഗർഷോം അവാർഡ് ജേതാവും പ്രശസ്ത സംഗീത സംവിധായകനുമായ മനോജ് മാവേലിക്കര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സ്ഥാപകാംഗം മുബാറക്ക് കാമ്പ്രത്ത് സംഘടനാ സന്ദേശം നൽകി. മെട്രോ മെഡിക്കൽ ഗ്രൂപ്പ് പ്രതിനിധികളായ ബഷീർ ബത്ത (മാർക്കറ്റിംഗ് മാനേജർ), ലിറ്റി (ബ്രാഞ്ച് മാനേജർ), ജിഷ (ഓപ്പറേഷൻസ് മാനേജർ), ജികെപിഎ വനിതാവിംഗ് ഭാരവാഹി വനജ രാജൻ എന്നിവർ ആശംസകൾ നേർന്നു.
ക്യാമ്പിനോടനുബന്ധിച്ച് നോർക്ക — പ്രവാസി ക്ഷേമനിധി അംഗത്വ രജിസ്ട്രേഷനും ജികെപിഎ അംഗത്വ വിതരണവും നടന്നു. മികച്ച രീതിയിൽ ക്യാമ്പ് ഏകോപിപ്പിച്ച വോളണ്ടിയർമാരെയും സംഘടനാ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായവരെയും ചടങ്ങിൽ പ്രശംസാഫലകം നൽകി ആദരിച്ചു.
മനോജ് മാവേലിക്കര, ഹുസൈൻ എ.കെ., മെട്രോ മെഡിക്കൽ കെയർ മാനേജ്മെന്റ്, താജ് അ ഫിന്ദാസ് റെസ്റ്റൗറന്റ് എന്നിവർക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. പ്രീത കണ്ണൂർ, റസിയ മുഹമ്മദ്, വനജ രാജൻ, അബ്ദുൽ ജലീൽ കോട്ടയം, അബ്ദുള്ള കടവത്ത്, മിനി സെലിൻ, ഗിരീഷ് ഗോവിന്ദൻ, സജിനി ബിജു, ഗിരിജ ഓമനക്കുട്ടൻ, ജിനേഷ് അരീക്കര എന്നിവർ വോളണ്ടിയർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.വിവിധ മേഖലകളിൽ നിന്നുള്ള വോളണ്ടിയർമാർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
ജികെപിഎ കേരള സ്റ്റേറ്റ് കമ്മിറ്റിയും വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും ഓൺലൈൻ വഴി ആശംസകൾ അറിയിച്ചു. പ്രവാസലോകത്തും നാട്ടിലും നിസ്വാർത്ഥമായ സേവന പ്രവർത്തനങ്ങളുമായി സംഘടന മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

