Site iconSite icon Janayugom Online

ആഗോള സന്തോഷ സൂചിക; ഇന്ത്യ 136-ാം സ്ഥാനത്ത് ഫിന്‍ലാന്‍ഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി

ആഗോള സന്തോഷ സൂചികയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ഫിന്‍ലാന്‍ഡ് തന്നെ ഒന്നാമത്. ഇന്ത്യ 136-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയെങ്കിലും ഇന്ത്യക്ക് അത്ര സന്തോഷം പോരെന്നാണ് പട്ടിക വ്യക്തമാക്കുന്നത്. 146 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. സര്‍ക്കാരിനെ അട്ടിമറിച്ച് താലിബാന്‍ ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും അവസാനമുള്ളത്. സെര്‍ബിയ, ബല്‍ഗേറിയ, റൊമാനിയ എന്നീ രാജ്യങ്ങളാണ് ജനക്ഷേമത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുതിപ്പ് നടത്തിയത്. എന്നാല്‍ ലെബനന്‍, അഫ്ഗാനിസ്ഥാന്‍, വെനസ്വേല രാജ്യങ്ങള്‍ പട്ടികയില്‍ പിന്നോട്ട് പോകുകയും ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലെബനന്‍ സന്തോഷ പട്ടികയില്‍ 145ാമതാണ്. സിംബാബ്‌വെയാണ് തൊട്ടുമുന്നില്‍. അമേരിക്ക മൂന്ന് സ്ഥാനം മുന്നോട്ട് കുതിച്ച് 16-ാം സ്ഥാനത്തെത്തി. ബ്രിട്ടന്‍ 15-ാം സ്ഥാനത്തുണ്ട്. ഫ്രാന്‍സ് 20ാം സ്ഥാനത്താണ്. 2012 മുതലാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ആഗോള സന്തോഷ പട്ടിക തയാറാക്കുന്നത്. വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം, സമൂഹത്തിൽ ലഭിക്കുന്ന പിന്തുണ, ആയുര്‍ദൈര്‍ഘ്യം, പൗരസ്വാതന്ത്ര്യം, തൊഴിൽ സുരക്ഷ, അഴിമതി തുടങ്ങിയ വിവിധ ഘടകങ്ങളും വിവിധ സര്‍വേകളിലെ ഫലങ്ങളുമാണ് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനം. പട്ടിക തയാറാക്കാന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷമായെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. സമൂഹമാധ്യമങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി ചേര്‍ത്താണ് പുതിയ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കോവിഡിന് മുന്‍പും ശേഷവും ആളുകളുടെ വികാരങ്ങളിലുണ്ടായ മാറ്റമാണ് പ്രധാനമായും നിരീക്ഷിച്ചത്. ആശങ്കയും ദുഃഖവും ജനങ്ങളില്‍ വര്‍ധിച്ചുവെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ചൈന എന്നീ രാജ്യങ്ങൾ ഇന്ത്യയേക്കാൾ വളരെ മുന്നിലാണ്. 121-ാം സ്ഥാനത്താണ് പാകിസ്ഥാൻ. ചൈനക്ക് 72-ാം സ്ഥാനവും ബം​ഗ്ലാദേശിന് 94-ാം സ്ഥാനവുമുണ്ട്.

Eng­lish sum­ma­ry; Glob­al Hap­pi­ness Index; India retains the 136th posi­tion while Fin­land retains the num­ber one position

You may also like this video;

Exit mobile version