Site iconSite icon Janayugom Online

ജനുവരിയിൽ ആഗോള നിക്ഷേപക സംഗമം: മന്ത്രി പി രാജീവ്

വ്യവസായ രംഗത്ത് കൂടുതൽ മൂലധന നിക്ഷേപം ആകർഷിക്കുന്നതിനായി അടുത്ത ജനുവരിയിൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതിന് മുമ്പായി ലോജിസ്റ്റിക്, ഇഎസ്ജി, ഗ്രാഫീൻ കയറ്റുമതി നയങ്ങൾക്ക് സർക്കാർ രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു. 22 മേഖലകളിലായി സംരംഭകരുടെ 12 വട്ടമേശ സമ്മേളനങ്ങളും സംഘടിപ്പിക്കും. ജൂലൈ 11, 12 തീയതികളിൽ അന്താരാഷ്ട്ര ജെൻ എഐ കോൺക്ലേവ് കൊച്ചിയിൽ സംഘടിപ്പിക്കും. 50 കോടി രൂപ വരെ മുതൽമുടക്കുള്ള 98 സ്ഥാപനങ്ങളും 50 കോടിക്ക് മുകളിൽ നിക്ഷേപം നടത്തിയ 35 സ്ഥാപനങ്ങളും കെഎസ്ഐഡിസി മുഖേന പുതുതായി കേരളത്തിലെത്തി. ഇതിലൂടെ 9598 കോടി രൂപയുടെ നിക്ഷേപമുണ്ടായി. ഇവരുടെ പ്രതിനിധികളുമായി പ്രത്യേക കൂടിക്കാഴ്ച നടത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഡി സ്പേസ്, അത്താച്ചി, ഭാരത് ബയോടെക്, ലിവേജ്, ആസ്കോ ഗ്ലോബൽ, ബിൽ ടെക്, വെൻഷ്വർ, സഫ്റാൻ, സ്വര ബേബി, നിറ്റ ജലാറ്റിൻ തുടങ്ങി പ്രമുഖ അന്താരാഷ്ട്ര കമ്പനികൾ സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങി. ഹൈടെക് മാനുഫാക്ചറിങ്ങിലേക്ക് ലോകം മാറുകയാണ്. എഐ, മെഷീൻ ലേണിങ്, ബിഗ് ഡാറ്റ അനലിറ്റിക്സ്, റോബോട്ടിക്സ് തുടങ്ങിയവയ്ക്ക് അനുകൂലമായ മാനവശേഷി ഉള്ള സംസ്ഥാനം കേരളമാണ്. ഇവിടേക്ക് കൂടുതൽ നിക്ഷേപമെത്താൻ ഇത് വഴിയൊരുക്കും, പി രാജീവ് വിശദീകരിച്ചു. 

കെഎസ്ഐഡിസി, കിൻഫ്ര എന്നിവയ്ക്കായി ലാൻഡ് അലോട്ട്മെന്റ് പോളിസി തയ്യാറാവുകയാണ്. 50 കോടി രൂപ വരെ മുതൽമുടക്കുന്നവർ ആദ്യം 20 ശതമാനം അടച്ചാൽ മതി. ബാക്കി തുല്യ തവണകളായി അടയ്ക്കാൻ അവസരം നൽകും. 50 കോടി രൂപയ്ക്കും 100 കോടി രൂപയ്ക്കും ഇടയിൽ നിക്ഷേപിക്കുന്നവർക്ക് രണ്ടുവർഷത്തെ മൊറോട്ടോറിയവും നൽകും. നൂറുകോടി രൂപയ്ക്ക് മുകളിലാണ് നിക്ഷേപം എങ്കിൽ ആദ്യം 10 ശതമാനം അടച്ചാൽ മതി. മോറോട്ടോറിയവും ലഭിക്കും. സംരംഭം നടത്തി നഷ്ടത്തിൽ ആയവർക്ക് എക്സിറ്റ് പോളിസിയും ആവിഷ്കരിക്കും. ഗ്രാമ, നഗരാസൂത്രണ ഭേദഗതി നിയമത്തിന്റെ ഭാഗമായുള്ള ചട്ട ഭേദഗതിയിൽ ലാൻഡ് പൂളിങ് കൂടി വിഭാവനം ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വ്യവസായം ആരംഭിക്കുന്നതിനായി ഉദ്ദേശിക്കുന്ന സ്ഥലത്ത് ഭൂമി പൂൾ ചെയ്യുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കും. 75 ശതമാനം പേർ അനുകൂലമാണെങ്കിൽ പൂളിങ് വ്യവസ്ഥയിൽ ഭൂമി ഏറ്റെടുക്കും. ഭൂമി വികസിപ്പിച്ചതിനു ശേഷം വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമി ഒഴികെ അവശേഷിക്കുന്ന ഭൂമി ഉടമസ്ഥർക്ക് തിരിച്ചു നൽകും. ഇത് ഭൂമിയുടെ മൂല്യം വർധിക്കുന്നതിന് സഹായകരമാകും. മന്ത്രി പറഞ്ഞു.

Eng­lish Summary:Global Investors Sum­mit in Jan­u­ary: Min­is­ter P Rajeev
You may also like this video

Exit mobile version