കന്നുകാലി-ക്ഷീര കാർഷിക മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കൊണ്ട് യുവജനതയെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മൃഗസംരക്ഷണം സാധ്യമാക്കുന്നതിനുമായി ഡിസംബർ 20 മുതൽ 29 വരെ വയനാട് പൂക്കോട് കേരള വെറ്ററിനറി സർവകലാശാലയിൽ ആഗോള ലൈവ്സ്റ്റോക്ക് കോൺക്ലേവ് നടത്തുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കോൺക്ലേവിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. മൂല്യവർധിത ഉല്പന്നങ്ങളെക്കുറിച്ചും വളർത്തു മൃഗങ്ങൾ, പൗൾട്രി, ഡയറി അക്വാ ഫാമിങ് എന്നീ വിഭാഗങ്ങളിലെ ഏറ്റവും പുതിയ അറിവുകൾ, മാറിവരുന്ന സാങ്കേതിക വിദ്യകൾ എന്നിവയെക്കുറിച്ച് മനസിലാക്കാനുള്ള വേദിയാകും കോൺക്ലേവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തെ വിവിധ കാർഷിക സംഘടനകളും വെറ്ററിനറി ഡോക്ടർമാരും ഉൾപ്പടെ ഏകദേശം അഞ്ചു ലക്ഷത്തോളം ആളുകളുടെ പങ്കാളിത്തമാണ് പത്ത് ദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവിൽ പ്രതീക്ഷിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മൃഗസംരക്ഷണം സാധ്യമാക്കുക, ക്ഷീര കന്നുകാലി കർഷകർ ഉല്പാദിപ്പിക്കുന്ന പാൽ, പാലുല്പന്നങ്ങൾ, മുട്ട, മാംസം എന്നിവയുടെ മൂല്യവർധനവ് ഉറപ്പുവരുത്തുക, ജന്തുജന്യ രോഗങ്ങളിൽ നിന്ന് മൃഗങ്ങളെ സംരക്ഷിക്കുന്നതിന് ബോധവല്‍ക്കരണം നൽകുക എന്നതാണ് കോൺക്ലേവിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി രണ്ടുലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ വളർത്തുമൃഗങ്ങൾ, കന്നുകാലികൾ, ഡയറി ഫാമിങ്, അക്വാ ഫാമിങ്, പൗൾട്രി എന്നിവയുടെ സ്റ്റാളുകളും വിവിധ എക്സ്പോകളും ഒരുക്കും. മൃഗസംരക്ഷണത്തെക്കുറിച്ചും മൂല്യവർധിത ഉല്പന്നങ്ങളുടെ വിപണന സാധ്യതകളെക്കുറിച്ചും വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ, ശില്പശാലകൾ എന്നിവയും കോൺക്ലേവിൽ നടക്കും. വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. അനിൽ കെ എസ്, കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി ഡയറക്ടർ പ്രൊഫ. ഡോ. ടി എസ് രാജീവ്, അസോസിയേറ്റ് പ്രൊഫസർ ഡോ. ജസ്റ്റിൻ ഡേവിസ് എന്നിവരും പങ്കെടുത്തു. വിവരങ്ങൾക്ക് 9895088388, 9446052800.