ആഗോള പീഡന സൂചികയില്‍ ഉയര്‍ന്ന അപകട സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ. രാജ്യത്തെ രാഷ്ട്രീയ, സംവിധാന ചട്ടക്കൂട് കാരണം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെ ലക്ഷ്യമിട്ടുള്ള കൊടിയ മര്‍ദ്ദനങ്ങള്‍, നിര്‍ബന്ധിത കുറ്റസമ്മതങ്ങള്‍, കസ്റ്റഡി മരണങ്ങള്‍ എന്നിവ പതിവാണെന്ന് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ എഗനിസ്റ്റ് ടോര്‍ച്ചര്‍ (ഒഎന്‍സിടി)യുടെ ആഗോള പീഡന സൂചിക സംബന്ധിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പീഡനവും മറ്റ് ക്രൂരതകളുടെയും അപകടസാധ്യത ഏഴ് വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ഒഎന്‍സിടി തയ്യാറാക്കിയിട്ടുള്ളത്. പൊലീസ് ക്രൂരതയും അക്രമവും അവസാനിപ്പിക്കല്‍, തടങ്കല്‍ പീഡനത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം, ശിക്ഷാ ഇളവ് അവസാനിപ്പിക്കല്‍, ഇരകളുടെ അവകാശങ്ങള്‍, എല്ലാവര്‍ക്കും സംരക്ഷണം, പ്രതിരോധിക്കാനും പൗരാവകാശം സ്ഥാപിക്കാനുമുള്ള അവകാശം, പീഡനങ്ങള്‍ക്കെതിരായ രാഷ്ട്രീയ പ്രതിബദ്ധത എന്നിവയാണ് ഈ വിഷയങ്ങള്‍. എന്‍ഐഎ, സിബിഐ തുടങ്ങിയ ഏജന്‍സികള്‍ യുഎപിഎ പോലുള്ള നിയമങ്ങള്‍ സ്ഥിരമായി ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അനൗദ്യോഗിക തടങ്കല്‍ കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നു, ജയിലുകളില്‍ ദീര്‍ഘകാലം കൂടുതല്‍ തടവുകാരെ ഇടുക, സാധാരണക്കാര്‍ക്കും മനുഷ്യാവകാശ സംരക്ഷകര്‍ക്കും എതിരായ വ്യാപകമായ വിവേചനം എന്നിവയും റിപ്പോര്‍ട്ട് എടുത്തുപറയുന്നു. ഇവ പരിഹരിക്കുന്നതില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ പരാജയപ്പെട്ടെന്നും വിമര്‍ശനമുണ്ട്.
2024‑ല്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ 2,739 കസ്റ്റഡി മരണങ്ങള്‍ രേഖപ്പെടുത്തി, തൊട്ട് മുമ്പത്തെ വര്‍ഷം ഇത് 2,400 ആയിരുന്നു. 2022‑ല്‍ 1,995 തടവുകാര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ 159 അസ്വഭാവിക മരണങ്ങളും ഉള്‍പ്പെടുന്നു. 2018 മുതല്‍ യുഎപിഎ പ്രകാരം കുറഞ്ഞത് 61 മനുഷ്യാവകാശ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുരുതരമായ വൈകല്യമുണ്ടായിട്ടും ജയിലിലടയ്ക്കുകയും പിന്നീട് കസ്റ്റഡിയില്‍ മരിക്കുകയും ചെയ്ത പ്രൊഫസര്‍ ജി എന്‍ സായിബാബ, ജാതി അക്രമം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതിന് രണ്ട് വര്‍ഷം തടവിലാക്കിയ പത്രപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ എന്നിവരുടെ കേസും ഇതില്‍പ്പെടും. ഇന്ത്യയില്‍ പീഡനത്തിന് ഇരയായവരെ നിര്‍വചിക്കുന്ന സമഗ്ര നിയമം ഇല്ലാത്തതിനാല്‍ അതിജീവിതരില്‍ ഭൂരിഭാഗവും ഉചിതമായ പരിഹാരമോ, പുനരധിവാസമോ ലഭിക്കാതെ കാലം കഴിച്ചുകൂട്ടുന്നു. നിലവിലെ പരാതി പരിഹാര സംവിധാനങ്ങള്‍ ഫലപ്രദമല്ലെന്നും ഇരകള്‍ക്കെതിരെ പിന്നീടും പ്രതികാര നടപടികളിലേക്ക് നീങ്ങുന്നതായും ആഗോള പീഡന വിരുദ്ധ സംഘടനകളുടെ സഖ്യം ചൂണ്ടിക്കാണിക്കുന്നു.

