ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം ആഗോള ചരക്കുനീക്കത്തെയും വിതരണ ശൃംഖലയെയും അതീവ ഗുരുതരമായി ബാധിക്കുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിലച്ചതോടെ ആഗോള വിപണിയിൽ വൻ വിലക്കയറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്. ക്ലാർക്സൺ റിസർച്ച് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏകദേശം 3,200 ചരക്കുക്കപ്പലുകളാണ് നിലവിൽ പേർഷ്യൻ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ ലോകത്തെ മൊത്തം ചരക്കുനീക്കത്തിന്റെ ഒരു ശതമാനത്തോളം വരുന്ന 500 വലിയ കപ്പലുകൾ യുഎഇ, ഒമാൻ തീരങ്ങളിൽ നങ്കൂരമിട്ടിരിക്കുകയാണ്. യുദ്ധഭീഷണിയെത്തുടർന്ന് കപ്പലുകൾ ആഫ്രിക്കൻ വൻകര ചുറ്റിയുള്ള ദൂരമേറിയ പാത തെരഞ്ഞെടുക്കുന്നതിനാൽ ഇന്ധനച്ചെലവും യാത്രാസമയവും ക്രമാതീതമായി വര്‍ധിച്ചു.
ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ 20 ശതമാനവും നടക്കുന്നത് ഈ മേഖലയിലൂടെയാണ്. എന്നാൽ എണ്ണയ്ക്ക് പുറമെ മറ്റ് അത്യാവശ്യ സാധനങ്ങളുടെ വിതരണത്തെയും യുദ്ധം ബാധിച്ചു തുടങ്ങി. ആഗോള വിപണിയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്ന മരുന്നുകളുടെ നീക്കം വൈകുന്നത് ആരോഗ്യമേഖലയിൽ പ്രതിസന്ധിയുണ്ടാക്കും. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സെമികണ്ടക്ടർ ചിപ്പുകളുടെയും ബാറ്ററി ഘടകങ്ങളുടെയും വിതരണം തടസപ്പെട്ടു. പശ്ചിമേഷ്യയില്‍നിന്നുള്ള വളം കയറ്റുമതി നിലയ്ക്കുന്നത് ആഗോള കാർഷിക ഉല്പാദനത്തെ ബാധിച്ചേക്കാം. യുഎഇ, ഖത്തർ, കുവൈറ്റ്, ഇറാഖ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ അടച്ചതോടെ വ്യോമമാർഗമുള്ള ചരക്കുനീക്കവും സ്തംഭിച്ചു. എമിറേറ്റ്സ്, ഖത്തർ എയർവേയ്‌സ് തുടങ്ങിയ പ്രമുഖ എയർലൈനുകൾ സർവീസുകൾ നിർത്തിവെച്ചു. വിമാനമാർഗം എത്തുന്ന വിലകൂടിയ ഇലക്ട്രോണിക്സ് സാധനങ്ങൾക്കും പെട്ടെന്ന് കേടാകുന്ന ഭക്ഷ്യവസ്തുക്കൾക്കും വിപണിയിൽ വരും ദിവസങ്ങളിൽ ക്ഷാമം അനുഭവപ്പെടും.
പേർഷ്യൻ ഗൾഫിൽ ഇന്ത്യൻ പതാകയേന്തിയ 38 കപ്പലുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. 1100 ഓളം നാവികരാണ് ഈ കപ്പലുകളിലായി ഉള്ളത്. വിവിധ സംഘർഷ ബാധിത പ്രദേശങ്ങളിലായി ആകെ 23,000 ഇന്ത്യൻ നാവികർ പല കപ്പലുകളിലായി ഉണ്ടെന്നും കണക്കുകള്‍ പറയുന്നു.
പ്രധാന വിമാന പാതകളും വ്യാപാര പാതകളും ഗൾഫിനെ ആശ്രയിച്ചായതിനാൽ ഇന്ത്യക്കും ഇത് വലിയ തിരിച്ചടിയാണ്. പ്രവാസികളുടെ യാത്രകളെയും നാട്ടിലേക്കുള്ള ചരക്കുനീക്കത്തെയും ഇത് നേരിട്ട് ബാധിക്കും. യുദ്ധം നീണ്ടുപോയാൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വര്‍ധിക്കാനും പാചകവാതക ക്ഷാമമുണ്ടാകാനും സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

