ആഗോളതാപനവുമായി ബന്ധപ്പെട്ട ഈർപ്പം കൂടിയ ചൂടിന്റെ ആഘാതം മൂലം 2001 മുതൽ 2020 വരെ ഇന്ത്യയ്ക്ക് പ്രതിവർഷം 1079 കോടി തൊഴിൽദിനങ്ങൾ നഷ്ടപ്പെടുന്നതായി പഠനം.
ഇത്രയും ഉല്പാദന മണിക്കൂറുകളിൽ നിന്നുള്ള നഷ്ടം 46 ലക്ഷം കോടി രൂപയാണെന്നും ഇത് രാജ്യത്തിന്റെ 2017 ലെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ (ജിഡിപി) ഏഴ് ശതമാനത്തിന് തുല്യമാണെന്നും അമേരിക്കയിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഗവേഷകരുടെ പഠനം പറയുന്നു. ആഗോളതലത്തിൽ 2,708 കോടി തൊഴിൽദിന നഷ്ടമാണ് കണക്കാക്കുന്നത്.
തൊഴിൽ ഉല്പാദനക്ഷമത കുറയുന്നതിന് കാരണമാകുന്ന വരണ്ട ചൂടും ഈർപ്പവും നിറഞ്ഞ അവസ്ഥയെ സൂചിപ്പിക്കാൻ പഠനം ‘ഹ്യുമിഡ് ഹീറ്റ്’ എന്ന പദമാണ് ഉപയോഗിച്ചത്. ഹ്യുമിഡ് ഹീറ്റ് മൂലമുള്ള തൊഴിൽ നഷ്ടം കോവിഡ് മൂലമുണ്ടാകുന്ന നഷ്ടങ്ങളുമായി താരതമ്യപ്പെടുത്താവുന്നതാണെന്നും പഠനം പറയുന്നു.
ഇന്ത്യയിൽ തൊഴിലെടുക്കുന്ന ജനസംഖ്യയുടെ 72 ശതമാനം കടുത്ത കാലാവസ്ഥയുള്ള സ്ഥലങ്ങളിലാണുള്ളത്. ആഗോളതലത്തിൽ തൊഴിലെടുക്കുന്നവരിൽ 40 ശതമാനവും ഇതേ സാഹചര്യത്തിലാണ്. ഇതിനാൽ ഒരു വ്യക്തിക്ക് പ്രതിവർഷം 100 മണിക്കൂറെങ്കിലും തൊഴിൽ നഷ്ടമുണ്ടാകുന്നു.
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി, ആഗോളതാപനവുമായി ബന്ധപ്പെട്ട തൊഴിൽ നഷ്ടം ഒമ്പത് ശതമാനം വർധിച്ചു. പ്രതിവർഷം 6000 കോടി മണിക്കൂറാണ് നഷ്ടം. ചെറിയ കാലാവസ്ഥാ മാറ്റങ്ങൾ പോലും ആഗോള തൊഴിലാളികളിലും സമ്പദ്‍വ്യവസ്ഥയിലും വലിയ സ്വാധീനം ചെലുത്തും. പുറം ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ തൊഴിൽ നഷ്ടം ഏറ്റവും കൂടുതലുള്ളത് തെക്ക്, കിഴക്ക്, തെക്കുകിഴക്ക് ഏഷ്യയിലാണ്. ഇവിടെ കൂടുതൽ പേരും കാർഷിക മേഖലയിലാണ് ജോലി ചെയ്യുന്നത്. ഏറ്റവും കൂടുതൽ തൊഴിൽ നഷ്ടം പ്രകടമാകുന്നത് ഇന്ത്യയിലാണ്. ഇത് മൊത്തം ആഗോള നഷ്ടത്തിന്റെ പകുതിയോളം വരും. ചൈനയുടെ തൊഴിൽ നഷ്ടത്തിന്റെ നാലിരട്ടിയിലധികവുമാണിത്. ആഗോളതലത്തിൽ പ്രതിവർഷം 155 ദശലക്ഷം തൊഴിലവസരങ്ങൾ നഷ്ടമാകുമ്പോൾ അതിൽ പകുതിയോളവും ഇന്ത്യയിലാണ്. ഈ നഷ്ടം കോവിഡ് ലോക്ഡൗൺ കാലത്തെ തൊഴിൽ നഷ്ടത്തിന് സമാനമാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.
ഉയർന്ന ഈർപ്പമുള്ള താപത്തിന്റെ ആഘാതം വായുമലിനീകരണമുൾപ്പെടെയുള്ള പാരിസ്ഥിതിക ആരോഗ്യ വെല്ലുവിളികളെക്കാൾ കൂടുതലാണ്. തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുന്നതോടൊപ്പം കുടിവെള്ളത്തിന്റെയും ശുചിത്വത്തിന്റെയും അഭാവം ഉണ്ടാക്കുകയും ചെയ്യുന്നു. ചൈനയും ഇന്ത്യയുമാണ് ഭീമമായ നഷ്ടം നേരിടുന്നതെങ്കിലും ഇന്തോനേഷ്യയും അമേരിക്കയും എല്ലാം ഇതിന്റെ ഫലം അനുഭവിക്കുന്നുണ്ട്.
ഹ്യുമിഡ് ഹീറ്റ് ആഘാതം പുറംജോലി ചെയ്യുന്നവരുടെയും കുടുംബങ്ങളുടെയും ആരോഗ്യത്തിന് അപകടസാധ്യതകൾ വര്‍ധിപ്പിക്കുന്നു. സുരക്ഷിത അന്തരീക്ഷത്തിൽ ജോലി ചെയ്യാനുള്ള സൗകര്യം ലഭിക്കുന്നത് ആഗോള ദാരിദ്ര്യം കുറയ്ക്കുന്നതിനും ദേശീയ സാമ്പത്തിക വികസനത്തിനും പ്രധാനമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
English Summary: Global warming: India loses 1,079 crore workingdays per year
You may like this video also