Site icon Janayugom Online

ആകാശഗംഗയില്‍ പുതിയ ‘അജ്ഞാത’ മിന്നുംതാരം കൃത്യമായ ഇടവേളകളില്‍ റേഡിയോ സിഗ്നല്‍ പുറന്തള്ളുന്നതായി കണ്ടെത്തല്‍

അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പറക്കുംതളികയില്‍ പറന്നെത്തുകയും കണ്ണുചിമ്മുന്ന നേരം കൊണ്ട് ഭൂമിയില്‍ നിന്ന് മറയുകയും ചെയ്യുന്ന ഇത്തരം അന്യഗ്രഹ ജീവികളെക്കുറിച്ച് ഒട്ടനവധി അഭ്യൂഹങ്ങളുമുണ്ട്. ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്ന കണ്ടെത്തലാണ് ഓസ്ട്രേലിയയിലെ പെര്‍ത്തിലുള്ള കര്‍ട്ടിന്‍ സര്‍വകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ നടത്തിയിരിക്കുന്നത്. മുര്‍ചിസോര്‍ വൈല്‍ഡ്ഫീല്‍ഡ് അരെ (ഡബ്ല്യുഎംഎ) എന്ന ടെലിസ്കോപ്പ് ഉപയോഗിച്ച് ക്ഷീരപഥ നിരീക്ഷണം നടത്തിയ വിദ്യാര്‍ത്ഥിയാണ് സംശയാസ്പദമായി മിന്നിത്തിളങ്ങുന്ന വസ്തുവിനെ കണ്ടെത്തിയത്. പിന്നീട് നടാഷ ഹുര്‍ലി വാള്‍ക്കെര്‍ എന്ന ആസ്ട്രോഫിസിസ്റ്റിന്റെ നേതൃത്വത്തില്‍ വിശദമായ പഠനം നടത്തുകയായിരുന്നു.

നിലവില്‍ ഗ്ലിയാം-എക്സ് ജെ 162759.5–523504.3 എന്ന് പേരിട്ടിരുന്ന വസ്തു ഭൂമിയില്‍ നിന്ന് നാലായിരം പ്രകാശ വര്‍ഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. മിന്നിത്തിളങ്ങുകയും റേഡിയോ ഊര്‍ജം പുറന്തള്ളുകയും കാന്തിക പ്രതിഭാസം കാണിക്കുകയും ചെയ്യുന്ന നിരവധി വസ്തുക്കള്‍ മുമ്പും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ റേഡിയോ ഊര്‍ജം പുറന്തള്ളുന്ന, ശക്തമായ കാന്തിക മണ്ഡലമുള്ള, തെളിച്ചമുള്ള വസ്തുവിനെ കണ്ടെത്തുന്നത് ആദ്യമായാണ്. ഓരോ 18.18 മിനിറ്റിലും 30 മുതല്‍ 60 സെക്കന്‍ഡ് വരെയാണ് ഇതില്‍ നിന്ന് റേഡിയോ ഊര്‍ജം പുറന്തള്ളുന്നത്. ഈ ഊര്‍ജപ്രവാഹം കൃത്രിമമല്ലെന്നും തികച്ചും പ്രകൃതിദത്തമാണെന്നും ലഭ്യമായ തെളിവുകള്‍ നിരത്തി ഹുര്‍ലി വാള്‍ക്കെര്‍ വ്യക്തമാക്കി. ഏതെങ്കിലും നക്ഷത്രം പൊട്ടിത്തെറിച്ചതിന്റെ ഭാഗമാണെങ്കില്‍ കൂടി ഇതിന്റെ ശക്തമായ തെളിച്ചവും പതുക്കെയുള്ള ഭ്രമണവും എങ്ങനെയാണെന്ന് വ്യക്തതയില്ല. ഇനിയും ഏറെ നിഗൂഢ‍തകള്‍ മറനീക്കി പുറത്തുവരാനുണ്ടെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് ഒരു പക്ഷേ അന്യഗ്രഹജീവികളുടെ സാന്നിധ്യം ആയിരിക്കാമെന്നും കൂടുതല്‍ പഠനങ്ങളിലൂടെ മാത്രമേ ഇതുസംബന്ധിച്ച വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിയൂവെന്നും ദി നേച്ചറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry :New ‘Anony­mous’ glow­ing star in the Milky Way dis­cov­ered to emit radio sig­nal at reg­u­lar intervals

you may also like this video

Exit mobile version