Site iconSite icon Janayugom Online

ട്രംപിനെ അനുനയിപ്പിക്കാന്‍ ജിഎം വിള ഇറക്കുമതിക്ക് അനുമതി

ഇന്ത്യ‑യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചയില്‍ സമ്മര്‍ദം രൂക്ഷമാകുന്നതിനിടെ ഡൊണാള്‍ഡ് ട്രംപിനെ അനുനയിപ്പിക്കാന്‍ തീവ്രശ്രമവുവമായി മോഡി സര്‍ക്കാര്‍. അമേരിക്കന്‍ ജിഎം വിളകളുടെ ഇറക്കുമതി നടത്താന്‍ സന്നദ്ധമാണെന്ന വാഗ്ദാനമാണ് ഉപാധിയായി കണ്ടെത്തിയത്. ചര്‍ച്ചയില്‍ കൃഷിയും പാലുല്പാദനവും നിര്‍ണായക വിഷയങ്ങളായി മാറിയതോടെയാണ് സോയാബീന്‍, ചോളം എന്നിവയുടെ ജനിതക മാറ്റം വരുത്തിയ (ജിഎം) വിളകള്‍ ഇറക്കുമതി ചെയ്യാന്‍ മോഡി സര്‍ക്കാര്‍ സന്നദ്ധമായത്. മേയ് മാസം സാമ്പത്തിക വിദഗ്ധനായ റാക്ക സക്സേനയ്ക്കൊപ്പം പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ നിതി ആയോഗ് അംഗവും കാര്‍ഷിക വിദഗ്ധനുമായ രമേശ‌്ചന്ദ്, യുഎസ് സോയാബീന്‍, ചോളം അധിഷ്ഠിത എത്തനോള്‍ എന്നിവ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ സന്നദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ മതപരവും സംസ്കാരികവുമായ സംവേദനക്ഷമതയെ മാനിക്കുന്ന പക്ഷം യുഎസ് പാലുല്പന്നങ്ങളും കോഴിയിറച്ചിയും ഒരു പരിധി വരെ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുമെന്നും രമേശ്‌ചന്ദ് ചൂണ്ടിക്കാട്ടിയിരുന്നു. ഫിനാന്‍ഷ്യല്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ സുതാര്യമായ വ്യാപാര കരാര്‍ ഇന്ത്യ ആഗ്രഹിക്കുന്നതായി അഭിപ്രായപ്പെട്ടിരുന്നു. പകരച്ചുങ്കം ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിക്ക് പിന്നാലെ ചൈന, യുഎസ് വാണിജ്യ മേഖലയെ ഉപേക്ഷിച്ചതോടെ യുഎസ് കാര്‍ഷികോല്പന്നങ്ങളുടെ ഇന്ത്യന്‍ ഇറക്കുമതി വര്‍ധിക്കുമെന്ന് ട്രംപ് ഭരണകൂടം വിലയിരുത്തുന്നു. ഇതിന്റെ ഭാഗമായാണ് ജിഎം വിളകള്‍ ഇറക്കുമതി ചെയ്യാന്‍ മോഡി സര്‍ക്കാര്‍ തീരുമാനിച്ചത്. 

രാജ്യത്ത് നിലവില്‍ പരുത്തിയില്‍ മാത്രമാണ് ജനിതക മാറ്റം വരുത്തിയ വിത്തു ഉപയോഗിക്കുന്നത്. 2002ല്‍ എ ബി വാജ്പേയ് സര്‍ക്കാരാണ് ഈ തീരുമാനം കൈക്കൊണ്ടത്. കര്‍ഷകരുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് അന്ന് വിവാദ തീരുമാനം നടപ്പിലാക്കിയത്. 2010ല്‍ ബോറര്‍ പ്രതിരോധശേഷിയുള്ള ജിഎം വഴുതന വാണിജ്യവല്‍ക്കരിക്കാനുള്ള നീക്കം മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ തടഞ്ഞിരുന്നു. കര്‍ഷകരുടെ കടുത്ത എതിര്‍പ്പ് പരിഗണിച്ച് ജിഎം കടുക് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ മോഡി സര്‍ക്കാരും അനുമതി നല്‍കിയിരുന്നില്ല. ജിഎം വിത്ത് ഇറക്കുമതി ചോദ്യം ചെയ്തുസമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഭിന്ന വിധിയാണ് പുറപ്പെടുവിച്ചത്. 2024 ജൂലൈയില്‍ സുപ്രീം കോടതിയില്‍ നടന്ന വാദത്തിനിടെ ജിഎം കടുക് കൃഷിക്ക് വാണിജ്യാടിസ്ഥാനത്തില്‍ അനുമതി നല്‍കുന്നത് നയപരമായ തീരുമാനമെന്നായിരുന്നു രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് സഞ്ജയ് കരോള്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ജസ്റ്റിസ് ബി വി നാഗരത്ന വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതോടെ നിയമസാധുത ഇല്ലാതായ വിഷയത്തിലാണ് മോഡി സര്‍ക്കാര്‍ ട്രംപ് ഭരണകൂടത്തിന് മുന്നില്‍ മുട്ടമടക്കിയിരിക്കുന്നത്. കര്‍ഷകരും കര്‍ഷക സംഘടനകളും നിരസിച്ച ജിഎം വിളകള്‍ രാജ്യത്ത് എത്തിക്കാനുള്ള തീരുമാനം വരും ദിവസങ്ങളില്‍ പ്രതിഷേധക്കൊടുങ്കാറ്റ് ഉയര്‍ത്തും.

Exit mobile version